ഖത്തർ ഫുട്ബോൾ മാമാങ്കം, ലുസൈലിൽ സ്പെയിൻ-അർജന്‍റീന പോരാട്ടം, ടിക്കറ്റുകൾ ഇന്ന് മുതൽ സ്വന്തമാക്കാം

Published : Feb 25, 2026, 12:08 PM IST
qatar football festival

Synopsis

ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026-ന്റെ ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 25-ന് രാത്രി 9 മണിക്ക് 'റോഡ് ടു ഖത്തർ' വെബ്സൈറ്റ് വഴി ആരംഭിക്കും. മാർച്ച് 26 മുതൽ 31 വരെ നടക്കുന്ന ഈ ടൂർണമെന്റിൽ സ്പെയിൻ, അർജന്റീന, ഖത്തർ തുടങ്ങിയ ടീമുകൾ പങ്കെടുക്കും. 

ദോഹ: ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026-ന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് (ഫെബ്രുവരി 25) രാത്രി 9 മണിക്ക് ആരംഭിക്കും. കായികപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ടിക്കറ്റുകൾ 'റോഡ് ടു ഖത്തർ' എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ലഭ്യമാകുക. മാർച്ച് 26 മുതൽ 31 വരെ ദോഹയിലെ പ്രധാന സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ സ്പെയിൻ, അർജന്റീന തുടങ്ങിയ ലോകോത്തര ടീമുകൾ മാറ്റുരയ്ക്കും.

ഈ ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും തമ്മിൽ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന 'ഫൈനലിസ്സിമ 2026' ആണ്. മാർച്ച് 27-നാണ് ഈ പോരാട്ടം നടക്കുന്നത്. കൂടാതെ ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, സെർബിയ എന്നീ രാജ്യങ്ങളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ​മാർച്ച് 26 ന് ഖത്തറും സെർബിയയും തമ്മിലും, സൗദി അറേബ്യയും ഈജിപ്തും തമ്മിലും ഏറ്റുമുട്ടും. ​മാർച്ച് 30 ന് ഈജിപ്തും സ്പെയിനും തമ്മിലും മാർച്ച് 31ന് ഖത്തറും അർജന്റീനയും തമ്മിലുമാണ് പോരാട്ടം. മത്സരങ്ങളെല്ലാം ഡിജിറ്റൽ ടിക്കറ്റുകൾ വഴിയായിരിക്കും നിയന്ത്രിക്കുക.

ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനലിസ്സിമ ഒഴികെയുള്ള ഗ്രൂപ്പ് മത്സരങ്ങൾക്ക് 50 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എന്നാൽ സ്പെയിൻ-അർജന്റീന മത്സരത്തിന് മൂന്ന് കാറ്റഗറികളിലായി 200 റിയാൽ, 600 റിയാൽ, 1200 റിയാൽ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് പരമാവധി നാല് ടിക്കറ്റുകൾ വരെ മാത്രമേ സ്വന്തമാക്കാൻ സാധിക്കൂ.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആരാധകർക്കായി ഖത്തർ എയർവേസ് ഹോളിഡേയ്‌സ് പ്രത്യേക യാത്രാ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ്, താമസം, മാച്ച് ടിക്കറ്റ് എന്നിവ ഉൾപ്പെട്ട ഈ പാക്കേജുകൾ വഴി ആരാധകർക്ക് ടിക്കറ്റുകൾ ഉറപ്പാക്കാം. മത്സരംങ്ങളുടെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനത്തിന്‍റെ നിറവിൽ കുവൈത്ത്, രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ
ഇന്നും നാളെയും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത, ജാഗ്രത നിർദ്ദേശവുമായി ഖത്തർ കാലാവസ്ഥ വകുപ്പ്