കുവൈത്തിലെ പ്രമുഖ വൈദ്യുതി, ജല ഉൽപ്പാദന പ്ലാന്‍റിൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയായി ചില യൂണിറ്റുകൾ നിർത്തിവെച്ചതിനാൽ, പകൽ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വൈദ്യുതി-, കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിലെ ഒരു പ്രധാന ഘടകത്തിലാണ് തീപിടിത്തമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ നിലയത്തിന്റെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി ചില വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ മന്ത്രാലയത്തിന്റെ അടിയന്തര പ്രതികരണ സംഘങ്ങൾ ജനറൽ ഫയർ ഫോഴ്സുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുന്നതായി അറിയിച്ചു. സംഭവം ഉണ്ടായ ഉടൻ തന്നെ എല്ലാ അടിയന്തര പ്രവർത്തന പദ്ധതികളും സജീവമാക്കിയതായും വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സാങ്കേതിക വിദഗ്ധരും പ്രവർത്തന സംഘങ്ങളും 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്ത് എയർവേയ്സ് അറിയിപ്പ്

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും ശ്രദ്ധിക്കണമെന്നും കൃത്യമായ അപ്ഡേറ്റുകൾ മനസ്സിലാക്കണമെന്നും വിമാനക്കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലാണ് ഈ അടിയന്തര നടപടി. 

അതേസമയം കുവൈത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇടവിട്ടിടവിട്ട് ഉണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.