ഇസ്രയേൽ ആക്രമണം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ച് ഖത്തർ

Published : Sep 20, 2025, 01:29 PM IST
qatar initiated legal proceedings

Synopsis

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമ നടപടികൾ ഖത്തർ ഔദ്യോഗികമായി ആരംഭിച്ചു. ഇസ്രയേൽ തുടരുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ-നയതന്ത്ര സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാനുമാണ് ശ്രമം.

ദോഹ: ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ട ദോഹയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യെ സമീപിച്ച്‌ ഖത്തർ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമ നടപടികൾ ഖത്തർ ഔദ്യോഗികമായി ആരംഭിച്ചു. ഇസ്രയേൽ തുടരുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ-നയതന്ത്ര സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാനുമാണ് ഖത്തറിന്റെ ശ്രമം.

ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റ് ജഡ്ജ് ടോമോകോ അകാനെ, ഐ.സി.സി ഡെപ്യൂട്ടി പ്രോസിക്യൂട്ടർ നജ്ഹത് ഷമീം ഖാൻ എന്നിവരുമായി നെതർലാൻഡിലെ ഹേഗിൽ കുടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സമിതി ഐ.സി.സിയെ ബോധിപ്പിച്ചു.

നേരെത്തെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി, ഐ.സി.സി അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും ഖത്തറിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമായി ഒരു നിയമസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫി വ്യക്തമാക്കി.

ഖത്തറിനെതിരെയുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധമായ സൈനികാക്രമണത്തോട് പ്രതികരിക്കാൻ നിയമപരമായ വഴികൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു തന്റെ സന്ദർശനമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഏക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിരീക്ഷക രാഷ്ട്രമായതിനാൽ നേരിട്ട് കേസുകൾ കോടതിക്ക് കൈമാറാൻ ഖത്തറിന് കഴിയില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ