
ദോഹ: വർക്ക് പെർമിറ്റ്, വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ്, മുദ്രകളും സർട്ടിഫിക്കറ്റുകളും രേഖകളും സംബന്ധിച്ച അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക് പുതുക്കിയ ഫീസ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിന്റെ 2025-ലെ 32-ാം നമ്പർ തീരുമാനപ്രകാരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് പുതുക്കിയ ഫീസ് വിശദീകരിച്ചിരിക്കുന്നത്. പുതിയ നിരക്കിൽ ചില സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കുകയും, ചിലത് കുറച്ചിട്ടുമുണ്ട്. ചില സേവനങ്ങളുടേത് മാറ്റമില്ലാതെ തുടരും.
സ്വകാര്യ കമ്പനികൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് വാർഷിക തൊഴിൽ അനുമതിപത്രം(വർക്ക് പെർമിറ്റ്) നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കിൽ മാറ്റമില്ല. ഇത് 100 ഖത്തരി റിയാലാണ്. അതേസമയം, തൊഴിൽ അനുമതിപത്രം നഷ്ടപ്പെട്ടാലോ നശിച്ചാലോ പകരം നൽകുന്നതിനുള്ള ഫീസ് 50 ൽ നിന്ന് 100 റിയാലായി വർധിപ്പിച്ചു. ഭർത്താവോ ഭാര്യയോ ബന്ധുവോ വഴി രാജ്യത്തെത്തുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനും വാർഷികമായി പുതുക്കുന്നതിനുമുള്ള ഫീസ് 500 നിന്ന് 100 റിയാലായി കുറച്ചു. അതേസമയം, തൊഴിൽ അനുമതിപത്രം പകരം നൽകുന്നതിനുള്ള നിരക്ക് 100 റിയാലാണ് (മാറ്റമില്ല).
വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 10,000 ൽ നിന്ന് ഗണ്യമായി കുറച്ച് 2,000 റിയാലായി. വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ് നഷ്ടപ്പെട്ടതിന്/നശിച്ചതിന് പകരം നൽകുന്നതിനുള്ള നിരക്കിൽ മാറ്റമില്ല. 1,000 റിയാലായി തുടരും. വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ് പുതുക്കൽ നിരക്ക് 2,000 റിയാലാണ്(മാറ്റമില്ല). കമ്പനികളുടെയും സ്ഥാപനങ്ങളുടെയും മുദ്രകൾ, കരാറുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ മന്ത്രാലയം അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 20 റിയാലാണ്(മാറ്റമില്ല). ഖത്തർ പൗരന്മാർ, ഖത്തർ വനിതകളുടെ മക്കൾ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ പൗരന്മാർ എന്നിവരുമായി ബന്ധപ്പെട്ട രേഖകൾക്ക് അറ്റസ്റ്റേഷൻ ചെയ്യുന്ന സാഹചര്യങ്ങളിൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ