അമിതവില ഈടാക്കിയാൽ നടപടി, റമദാൻ വിപണിയിൽ കർശന പരിശോധന; അവശ്യ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തർ‍

Published : Feb 24, 2026, 10:49 AM IST
grocery shop

Synopsis

വിശുദ്ധ റമദാനിൽ ഖത്തറിലെ വിപണിയിൽ അമിതവില തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി വാണിജ്യ, നഗരസഭ മന്ത്രാലയങ്ങൾ സംയുക്തമായി പരിശോധനകൾ കർശനമാക്കി. ആയിരത്തിലധികം അവശ്യസാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു.  

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിലെ അമിതവില തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തറിലെ വിവിധ മന്ത്രാലയങ്ങൾ പരിശോധന കർശനമാക്കി. ഉപഭോകൃത സംരക്ഷണം ഉറപ്പാക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും സംയുക്തമായാണ് രാജ്യവ്യാപകമായ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. അവശ്യ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച അധികൃതർ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

റമദാൻ മാസത്തിൽ ജനങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ട് ആയിരത്തിലധികം അവശ്യസാധനങ്ങൾക്ക്‌ വാണിജ്യ വ്യവസായ മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അരി, പഞ്ചസാര, പാൽ, എണ്ണ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഡിറ്റർജന്റുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. അതേസമയം, ജനങ്ങളുടെ ആരോഗ്യവും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിനായും വിപണിയിലെ കൃത്രിമങ്ങൾ തടയാനും മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കശാപ്പുശാലകൾ എന്നിവിടങ്ങളിൽ ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധനയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം, കാലാവധി എന്നിവയ്‌ക്കൊപ്പം അമിതവില ഈടാക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്. ദോഹ മുനിസിപ്പാലിറ്റിയിൽ മാത്രം പതിനായിരത്തോളം പരിശോധനകൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കൂടാതെ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ ഭാഷകളിൽ വർക്ക്ഷോപ്പുകളും ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. ഗുണനിലവാരമുള്ള ഭക്ഷണം തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതോടൊപ്പം, നിയമങ്ങൾ കൃത്യമായി പാലിക്കാൻ വ്യാപാരികളെ ബോധവൽക്കരിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 16001 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയോ പരാതിപ്പെടാവുന്നതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ തുക പിഴയും സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാഖിന്റെ മാപ്പും രേഖകളും മധ്യേഷ്യയിൽ തർക്കമാകുന്നു
ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും, 4 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ; മാർച്ച് 19 മുതൽ 22 വരെ അവധി