
ദോഹ: മേഖലയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത വിദേശ വിമാനക്കമ്പനികൾക്കായി വീണ്ടും തുറക്കുന്നു. ഏപ്രിൽ 20 ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ചു. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഖത്തർ തങ്ങളുടെ വ്യോമപാത പൂർണ്ണമായി തുറന്നുകൊടുക്കുന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഘട്ടം ഘട്ടമായുള്ള പുനരാരംഭമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദേശ വിമാനക്കമ്പനികൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ അനുമതി നൽകും. രാജ്യത്തെ വ്യോമയാന മേഖല പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് നേരത്തെ തന്നെ മാർച്ച് ഏഴ് മുതൽ പ്രത്യേക സുരക്ഷാ വ്യോമപാതകൾ വഴി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. മെയ് പകുതിയോടെ ലോകമെമ്പാടുമുള്ള 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും, ജൂൺ 16-ഓടെ 150-ലധികം നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് ഖത്തർ എയർവേയ്‌സ് പദ്ധതിയിടുന്നത്. ഫെബ്രുവരി 28 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ യാത്ര റദ്ദാക്കപ്പെട്ടവർക്ക് ഒക്ടോബർ 31 വരെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ സൗജന്യമായി തീയതി പുതുക്കാനോ അല്ലെങ്കിൽ തുക തിരികെ ലഭിക്കാനോ ഖത്തർ എയർവേയ്‌സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം മുൻകൂട്ടി സ്ഥിരീകരിക്കേണ്ടതാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ടിക്കറ്റുകൾ കൺഫേം ആണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലാണ് മേഖലയിലെ വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ വഴിതെളിച്ചത്. എങ്കിലും, വെടിനിർത്തൽ കരാറിൻ്റെ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകളിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല എന്നതിനാൽ, മേഖലയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam