Isolation in Qatar: ഖത്തറില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ ക്വാറന്റീന്‍ കാലയളവ് കുറച്ചു

By Web TeamFirst Published Jan 24, 2022, 9:26 PM IST
Highlights

ഖത്തറില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷന്‍ കാലയളവ് പത്ത് ദിവസങ്ങളില്‍ നിന്ന് ഏഴ് ദിവസമാക്കി കുറച്ചു.

ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷന്‍ കാലാവധി (Isolation period) ഏഴ് ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 10 ദിവസമായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ (Sick leave) എണ്ണവും പത്തില്‍ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മെഡിക്കല്‍ സെന്ററുകളില്‍ പരിശോധന നടത്തി കൊവിഡ് പോസിറ്റീവാകുന്നവര്‍ക്ക് ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ്  റെഡ് ആയി മാറുകയും ഒപ്പം അവര്‍ ഏഴ് ദിവസത്തെ സിക്ക് ലീവിന് അര്‍ഹരാവുകയും ചെയ്യും. ഇവര്‍ ഏഴാം ദിവസം അംഗീകൃത സെന്ററില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തണം. ഈ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് ഗ്രീന്‍ ആവുകയും ഐസൊലേഷന്‍ അവസാനിപ്പിക്കുകയും ചെയ്യാം. എട്ടാം ദിവസം മുതല്‍ ജോലിക്ക് പോകാനും അനുമതിയുണ്ടാകും.

എന്നാല്‍ ഏഴാം ദിവസം നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് തന്നെ ആണെങ്കില്‍ പിന്നീട് മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം. ഇവര്‍ക്ക് മൂന്ന് ദിവസം കൂടി സിക്ക് ലീവ് അനുവദിക്കപ്പെടും. പതിനൊന്നാം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ പിന്നീട് പരിശോധനയുടെ ആവശ്യമില്ല. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ലഭ്യമായ ക്ലിനിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

click me!