ട്രംപിന് ഖത്തറിന്‍റെ സമ്മാനം 40 കോടി ഡോളറിന്‍റെ ആഢംബര ജെറ്റ്? റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ

Published : May 12, 2025, 06:36 PM ISTUpdated : May 12, 2025, 06:45 PM IST
ട്രംപിന് ഖത്തറിന്‍റെ സമ്മാനം 40 കോടി ഡോളറിന്‍റെ ആഢംബര ജെറ്റ്? റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം സമ്മാനമായി നൽകുമെന്ന വാർത്തകളെ ഖത്തർ നിഷേധിച്ചു. എയർഫോഴ്‌സ് വണ്ണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഖത്തർ അറിയിച്ചു.

ദോഹ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം സമ്മാനമായി നല്‍കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഖത്തര്‍. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ എയർഫോഴ്‌സ് വൺ വിമാനത്തിന് പകരം താൽക്കാലികമായി ഉപയോഗിക്കുന്നതിനായി ആഡംബര വിമാനം കൈമാറുന്നതിനായി അമേരിക്കയുമായി ചർച്ച നടത്തിയതായി ഖത്തർ പ്രതികരിച്ചു. എന്നാൽ ജെറ്റ് സമ്മാനമായി നൽകുന്നുവെന്നോ അന്തിമ തീരുമാനമെടുത്തുവെന്നോ ഉള്ള റിപ്പോർട്ടുകൾ ഖത്തര്‍ നിഷേധിച്ചു.

അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി പ്രസ്താവനയിലൂടെ പ്രതികരിച്ചു. 'പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഖത്തർ അമേരിക്കൻ സർക്കാരിന് ഒരു ജെറ്റ് സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എയർഫോഴ്‌സ് വണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവിൽ ഖത്തർ പ്രതിരോധ മന്ത്രാലയവും  യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല'- പ്രസ്താവനയിൽ അലി അൽ അൻസാരി വ്യക്തമാക്കി. 

ട്രംപ് അടുത്തയാഴ്ചയോടെയാണ് മിഡിൽ ഈസ്റ്റ് സന്ദർശനങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിൽ എത്തുമ്പോൾ ആയിരിക്കും സമ്മാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് എബിസി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  ട്രംപിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും ഇത് നിയമപരമാണെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട്.

2029 ജനുവരി 1ന് മുമ്പ് വിമാനം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നുമാണ് എബിസി ന്യൂസ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം ഖത്തർ രാജകുടുംബം സമ്മാനമായി നൽകുന്ന എയർക്രാഫ്റ്റിന് ഏകദേശം 400 മില്ല്യൺ ഡോളർ (40 കോടി ഡോളര്‍) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി