
ദോഹ: മലേഷ്യയിൽ നടക്കുന്ന ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മലേഷ്യയിലെ ക്വാലാലംപൂർ കൺവെൻഷൻ സെന്ററിൽ നടന്ന രണ്ടാമത്തെ ആസിയാൻ-ജിസിസി ഉച്ചകോടിക്കിടെ അമീർ മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് അമീർ മലേഷ്യയിലെത്തിയത്. ക്വാലാലംപൂർ വിമാനത്താവളത്തിലെത്തിയ അമീറിനെ മലേഷ്യൻ കാർഷിക മന്ത്രി ജൊഹാരി അബ്ദുൽ ഗനി സ്വീകരിച്ചു. ഖത്തർ അംബാസഡർ സലാഹ് ബിൻ മുഹമ്മദ് അൽ സുറൂർ, മലേഷ്യൻ സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ആസിയാൻ ഉച്ചകോടിക്ക് തിങ്കളാഴ്ചയാണ് ക്വാലാലംപൂരിൽ തുടക്കം കുറിച്ചത്. ജി.സി.സി-ചൈന-ആസിയാൻ രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയിലും അമീർ പങ്കെടുക്കും. ഇതാദ്യമായാണ് ആസിയാൻ-ചൈന-ജി.സി.സി സാമ്പത്തിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നത്. മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും നിക്ഷേപം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും അമീർ ചർച്ച നടത്തി. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ വികസനത്തെക്കുറിച്ചും ഉച്ചകോടിയുടെ അജണ്ടയിലുള്ള വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെ മലേഷ്യൻ പ്രധാനമന്ത്രി പ്രശംസിച്ചു.
ഖത്തർ അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മലേഷ്യൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ, മലേഷ്യൻ നിക്ഷേപ,വ്യാപാര മന്ത്രി സഫ്രുൾ ബിൻ അബ്ദുൽ അസീസ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ