ഖത്തര്‍ പഴയ അവസ്ഥയിലേക്ക് ഉടനെത്തില്ലെന്ന് അധികൃതര്‍; നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചേക്കും

By Web TeamFirst Published Apr 18, 2020, 11:32 AM IST
Highlights

കൊവിഡിനെതിരായ വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാവും വരെ ജീവിതശൈലിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം തുടരേണ്ടി വരും. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.  

അബുദാബി: കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന് ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി. കൊവിഡിനെതിരായ വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാവും വരെ ജീവിതശൈലിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം തുടരേണ്ടി വരും. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.  

അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 22,574ആയി. 149പേര്‍ മരിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 7,142പേര്‍ക്കാണ് സൗദിയില്‍ രോഗം ബാധിച്ചിട്ടുള്ളത് . യുഎഇയില്‍ 6,302പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കുടംബത്തിന് സഹായമായി 'നിങ്ങൾ നിങ്ങളുടെ കുടുംബത്തിനൊപ്പം തന്നെയാണ്' എന്ന പദ്ധതിക്ക് ദുബായ് റെഡ്ക്രസന്‍റ്  രൂപം കൊടുത്തു. 

ആശ്രയം നഷ്ടമായ കുടുംബങ്ങളെ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ ആവശ്യമായ എല്ലാ സഹായങ്ങളും അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി യുഎഇയിൽ മരിച്ച പല ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടുംബവുമായി ബന്ധപ്പെടാനും അവരുടെ കുടുംബ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നല്‍കി. യുഎഇയിലെ അണുനശീകരണ യജ്ഞം മെയ് നാലുവരെ നീട്ടി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്. ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

click me!