
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം നടന്ന ജൂൺ 23 തിങ്കളാഴ്ചയുണ്ടായ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യം സാക്ഷ്യം വഹിച്ച അസാധാരണ സാഹചര്യത്തിലാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളിൽ നിന്നും ഡ്രൈവർമാരെ ഒഴിവാക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവന യിൽ വ്യക്തമാക്കി.
ഖത്തറിന്‍റെ ആകാശത്ത് അപ്രതീക്ഷിതമായി മിസൈൽ പ്രത്യക്ഷപ്പെട്ടതും വലിയ സ്ഫോടന ശബ്ദങ്ങളുണ്ടായതും ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. അതിനാൽ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിൽ എത്താനുള്ള ശ്രമത്തിനിടയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചകളുണ്ടാവാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് നടപടി. അപകടകരമായ സാഹചര്യത്തിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും ജോലിസ്ഥലങ്ങളിലേക്കും സേവന സ്ഥലങ്ങളിലേക്കും മാറുന്നതിനും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ജൂൺ 23 ന് രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയത്. അതേസമയം, ഒരു ദിവസത്തേക്ക് മാത്രം ബാധകമാകുന്ന അസാധാരണമായ നടപടിയാണ് തീരുമാനമെന്ന് വ്യക്തമാക്കിയ മന്ത്രാലയം രാജ്യത്തെ ഗതാഗത നിയമങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും പിന്തുടരണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ