അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചത് ഖത്തറിൽ, പതറാതെ പ്രതിരോധം തീര്‍ത്തതെങ്ങനെ? വീഡിയോ

Published : Jul 29, 2025, 03:44 PM IST
iranian missile interception

Synopsis

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാനില്‍ നിന്ന് തൊടുത്ത മിസൈലുകളെ ഖത്തര്‍ പ്രതിരോധിച്ചതെങ്ങനെ എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. 

ദോഹ: 2025 ജൂൺ 23ന് ഖത്തറിലെ അമേരിക്കൻ വ്യോമത്താവളത്തിലേക്ക് ഇറാന്‍റെ മിസൈൽ ആക്രമണം ഉണ്ടായപ്പോൾ നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചെറു ഡോക്യുമെന്‍ററി പുറത്തിറക്കി ഖത്തർ പ്രതിരോധ മന്ത്രാലയം. ഇറാനിൽ നിന്ന് അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് തൊടുത്തുവിട്ട മിസൈലുകളെ ഖത്തറിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എങ്ങിനെ വിജയകരമായി പ്രതിരോധിച്ചുവെന്നതിന്റെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ കാണാം. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം ഖത്തറിന്റെ സായുധ സേന വളരെയധികം ജാഗ്രതയിലായിരുന്നു. നാവിക സാന്നിധ്യം വർദ്ധിപ്പിക്കുകയും റാപിഡ് റെസ്പോൺസ് എയർക്രാഫ്റ്റിനെ വിന്യസിക്കുകയും ചെയ്‌തു. ഏത് ഭീഷണിയോടും വേഗത്തിൽ പ്രതികരിക്കുന്നതിന് മുഴുവൻ സമയവും വ്യോമമേഖലയിൽ യുദ്ധവിമാനങ്ങൾ പട്രോളിംഗ് നടത്തിയിരുന്നു.

സംഘർഷാവസ്ഥ കാരണം, രാജ്യത്തിന് മുകളിലൂടെ പറക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിലെ വ്യോമഗതാഗതം സായുധ സേന താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക സമയം വൈകുന്നേരം 7.29 ന്, ഖത്തരി റഡാർ സംവിധാനങ്ങൾ മിസൈലുകൾ വരുന്നതിന്റെ ആദ്യ തരംഗം കണ്ടെത്തി. ഇവ അൽ ഉദൈദ് വ്യോമതാവളത്തിലേക്കാണ് നീങ്ങിയത്. ഖത്തറിന്റെ വ്യോമാതിർത്തിയെ സംരക്ഷിക്കാൻ എല്ലാ മിസൈലുകളും നശിപ്പിക്കണമെന്ന് ആ നിമിഷം മുതൽ തന്നെ വ്യക്തമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നു. അൽ ഉദൈദ് വ്യോമതാവളത്തിനുള്ളിൽ പതിച്ച ഒന്നൊഴികെ എല്ലാ മിസൈലുകളും തടഞ്ഞു. ആക്രമണം വൈകുന്നേരം 7:49-ഓടെ അവസാനിച്ചു. മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന്, എന്തെങ്കിലും അപകടമുണ്ടോ എന്ന് പരിശോധിക്കാൻ നിരവധി സൈനിക യൂണിറ്റുകളെ ആക്രമണം നടന്ന സ്ഥലങ്ങളിലേക്ക് അയച്ചു. ഇതിൽ അമീരി ലാൻഡ് ഫോഴ്‌സ്, മിലിട്ടറി പോലീസ്, മെഡിക്കൽ സർവീസസ്, ഫയർ ഡിപ്പാർട്ട്‌മെന്റ്, വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ കൈകാര്യം ചെയ്യുന്ന യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

ജോയിന്‍റ് ഓപ്പറേഷൻസ് ടീം ഒരു തീപിടുത്തം റിപ്പോർട്ട് ചെയ്തെങ്കിലും 20 മിനിറ്റിനുള്ളിൽ അത് അണച്ചു. മിസൈൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ എഞ്ചിനീയറിംഗ് ടീമുകളെയും അയച്ചു. ആദ്യ 15 മണിക്കൂറിനുള്ളിൽ 88 റിപ്പോർട്ടുകളാണ് ലഭിച്ചത്. പൊതുജന സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഏതെങ്കിലും രാസവസ്തുക്കളോ റേഡിയോ ആക്ടീവ് വസ്തുക്കളോ ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെയും വിന്യസിച്ചു. ആക്രമണം നിർത്തിവച്ച ഉടൻ തന്നെ പത്രസമ്മേളനം നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപറി നൽകി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സമാധാനപരമായ ചർച്ചകളിലേക്ക് മടങ്ങാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു. ഖത്തറിലെ ജീവിതം സാധാരണ നിലയിലായതായും ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകുന്നുവെന്നും മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി