
ദോഹ: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ പ്രസിദ്ധമായ ആസ്പയർ ടോർച്ച് ടവർ. ടോർച്ച് ദോഹ എന്നറിയപ്പെടുന്ന ടവറിലെ 50, 51 നിലകളിലായാണ് ടോർച്ച് ക്ലബ് ജിംനേഷ്യത്തിന് തുടക്കം കുറിച്ചത്. 300 മീറ്റർ (980 അടി) ഉയരമുള്ള ടോർച്ച് ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. കെട്ടിടത്തിൽ 247 മീറ്റർ ഉയരത്തിലാണ് ജിംനേഷ്യം പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിൽ ഏറ്റവും ഉയരത്തിൽ പ്രവർത്തിക്കുന്ന ജിംനേഷ്യം എന്ന റെക്കോർഡാണ് ഇതോടെ സ്വന്തമാക്കിയത്.
ആസ്പയർ സോൺ ഫൗണ്ടേഷന്റെ ആക്ടിങ് സിഇഒ അബ്ദുല്ല നാസർ അൽ നഈമിക്കും ടോർച്ച് ഹോസ്പിറ്റാലിറ്റി ഏരിയ ജനറൽ മാനേജർ വാഇൽ അൽ ഷെരിഫിനും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വിധികർത്താവായ കിൻസി അൽ ദിഫ്രാവി ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ഗിന്നസിലെ ഏറ്റവും പുതിയ റെക്കോർഡ് വിഭാഗമായാണ് ടോർച്ച് ടവറിന്റെ നേട്ടത്തെ അടയാളപ്പെടുത്തുന്നതെന്ന് കിൻസി അൽ ദിഫ്രാവി പറഞ്ഞു. ഒരു റെക്കോർഡ് നേട്ടത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ടോർച്ച് ക്ലബ് ജിംനേഷ്യം ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ ഉൽപ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടോർച്ച് ടവറിന്റെ പുറമെയുള്ള 360 ഡിഗ്രിയിലുള്ള സ്‌ക്രീൻ ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ എന്ന ഗിന്നസ് റെക്കോർഡ് നേരെത്തെ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക് ടോർച്ചിന്റെ മാതൃകയിലുള്ള ടോർച്ച് ദോഹ, 2006 ൽ ദോഹയിൽ നടന്ന 15-ാമത് ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ