
കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ മുതൽ രാജ്യം ഒരു ന്യൂനമർദ്ദത്തിന്‍റെ പരിധിയിലായിരിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി പറഞ്ഞു. ഇതോടൊപ്പമെത്തുന്ന താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുപ്രവാഹം മഴയ്ക്കും തെക്കുകിഴക്കൻ കാറ്റിനും കാരണമാകും. ഇത് ചിലയിടങ്ങളിൽ പൊടിക്കാറ്റ് ഉയർത്താനും സാധ്യതയുണ്ട്.
ബുധനാഴ്ച വൈകുന്നേരം വരെ താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ എത്തുന്ന ഉയർന്ന മർദ്ദത്തിലുള്ള തണുത്ത വായുപ്രവാഹം സ്ഥിതിഗതികൾ മാറ്റും. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിക്കാറ്റിനും കടലിൽ ആറ് അടിയിലധികം ഉയരമുള്ള തിരമാലകൾക്കും കാരണമായേക്കാം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമ്പോൾ, കുറഞ്ഞ താപനില 4 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ പകൽ സമയങ്ങളിൽ മിതമായ തണുപ്പും രാത്രികാലങ്ങളിൽ കടുത്ത തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam