മാസപ്പിറവി കണ്ടു: ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റംസാൻ വ്രതാരംഭം

By Web TeamFirst Published Apr 23, 2020, 10:51 PM IST
Highlights

ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് റംസാൻ വ്രതാരംഭം. 

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാന്‍ വ്രതാരംഭത്തിന് നാളെ (വെള്ളിയാഴ്ച) തുടക്കമാകും. സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു. എന്നാൽ, ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

ഒമാനിൽ ഏപ്രിൽ 25 (ശനിയാഴ്ച) മുതലാണ് റമദാൻ ആരംഭിക്കുകയെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് മാസപ്പിറവി കാണുവാൻ സാധിക്കാത്തത് മൂലം റമദാൻ ഒന്ന് ശനിയാഴ്ച ആകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആംരഭിക്കുന്നതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് റമദാന്‍ വ്രതാരംഭം വെള്ളിയാഴ്ച

സംസ്ഥാനത്ത് വെള്ളിയാഴ്ച റംസാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചതാണിത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലെ നേതാക്കളും വെള്ളിയാഴ്ച തന്നെയാണ് വ്രതാരംഭമെന്ന് വ്യക്തമാക്കി.

Also Read: മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ, കൊവിഡ് ജാഗ്രത തുടരും

click me!