കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് വെള്ളിയാഴ്ച റംസാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചതാണിത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലെ നേതാക്കളും വെള്ളിയാഴ്ച തന്നെയാണ് വ്രതാരംഭമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നുവെക്കാൻ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി തീരുമാനിക്കുകയായിരുന്നു. ദിവസം തോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളും വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. "റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്'', എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെന്നല്ല, ഇന്ത്യയിലും ഇതാദ്യമായാണ് ഇഫ്താർ വിരുന്നുകളോ, തറാവീഹ് നമസ്കാരങ്ങളോ ഇല്ലാത്ത റംസാൻ വ്രതകാലം നടക്കാൻ പോകുന്നത്.