സൗദിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കഫാല സിസ്റ്റം അവസാനിപ്പിച്ചോ? സ്പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതായെന്ന പ്രചാരണം, സത്യമിതാണ്

Published : Nov 12, 2025, 02:59 PM IST
saudi arabia

Synopsis

സൗദി അറേബ്യ കഫാല സിസ്റ്റം അവസാനിപ്പിച്ചുവെന്ന നിലയിൽ ഇന്ത്യൻ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥയെന്ത്? 2021ലാണ് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ അവകാശങ്ങൾ സ്ഥാപിക്കുന്ന കരാർ നിർബന്ധമാക്കിക്കൊണ്ട് പരിഷ്കാരം കൊണ്ടുവന്നത്.

റിയാദ്: സൗദിയിൽ സ്പോൺസർഷിപ്പ് സമ്പ്രദായം അഥവാ കഫാല സിസ്റ്റം അവസാനിപ്പിച്ചുവെന്ന നിലയിൽ ഇന്ത്യൻ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ‘സൗദിയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള കഫാല സിസ്റ്റം’ അവസാനിപ്പിച്ചു എന്ന നിലയിലുള്ള ഈ വാർത്തകളിൽ പറയുന്നതെല്ലാം വാസ്തവ വിരുദ്ധമോ അർദ്ധ സത്യമോ ആണെന്ന് സൗദിയിലെ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ളവർ പറയുന്നു. സൗദി തൊഴിൽ രംഗത്ത് നിയമപരമായ രണ്ട് മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത് സ്പോൺസർഷിപ്പ് സിസ്റ്റത്തെ പൂർണമായും ഇല്ലാതാക്കുന്നതല്ലെന്ന് സൗദിയിലെ വിവിധ മാധ്യമങ്ങൾ അതാത് സമയങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പരിശോധിക്കുമ്പോൾ മനസിലാകും.

2021ലാണ് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഇരുവരുടെയും അവകാശങ്ങൾ സ്ഥാപിക്കുന്ന കരാർ നിർബന്ധമാക്കിക്കൊണ്ട് തൊഴിൽ നിയമത്തിൽ ഒരു പരിഷ്കാരം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ‘സ്പോൺസർ’ അഥവാ ‘കഫീൽ’ എന്ന പദം ഒഴിവാക്കുന്ന പുതിയൊരു പരിഷ്കാരവും കൂടി നടപ്പാക്കി. എന്നാൽ ഇത് രണ്ടും സ്പോൺസർഷിപ്പ് സിസ്റ്റത്തെ പാടെ ഇല്ലാതാക്കുന്ന മാറ്റങ്ങളല്ല. വിദേശ തൊഴിലാളികളുടെ തൊഴിൽ ദാതാക്കളെ സൂചിപ്പിക്കുന്ന സ്പോൺസർ (കഫീൽ) എന്നതിനെ ‘തൊഴിലുടമ’ അല്ലെങ്കിൽ ‘തൊഴിൽ ദാതാവ്’ (സാഹിബുൽ അമൽ) എന്നാക്കി മാറ്റുന്ന കേവലം സാങ്കേതികം മാത്രമാണ് പരിഷ്കാരം. കഴിഞ്ഞ വർഷം ഡിസംബർ 30നാണ് സൗദി വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ഇത്തരത്തിൽ ഒരു നിർദേശമുണ്ടായത്. സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മുഴുവൻ വകുപ്പുകളെയും സ്ഥാപനങ്ങളെയും അറിയിച്ച് നടപടി സ്വീകരിക്കാനായി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് മന്ത്രാലയം കത്തയക്കുകയും ചെയ്തു. പിറ്റേന്ന് സൗദിയിലെ മുഴുവൻ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ രണ്ട് പ്രകാരം, ശമ്പളം നൽകി തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആണ് ‘തൊഴിൽ ദാതാവ്’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് മന്ത്രാലയം ഫെഡറേഷന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ നിശ്ചിത സേവന വേതന വ്യവസ്ഥകൾക്ക് വിധേയമായി ജോലി ചെയ്യുന്ന ആളെ ‘തൊഴിലാളി’യെന്നാണ് നിർവചിക്കുന്നതെന്നും കത്തിൽ പറഞ്ഞു.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്താൻ 2021ൽ സൗദി മാനവവിഭവശേഷി സാമൂഹികവികസന മന്ത്രാലയം ഒരു സംരംഭം ആരംഭിച്ചിരുന്നു. കരാറുകൾ ഡിജിറ്റൽ ഡോക്യുമെൻറാക്കലും അത് ‘ഖിവ’എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്യലും നിർബന്ധമാക്കുകയും ചെയ്തു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിരവധി സേവനങ്ങൾ നൽകുന്ന സംവിധാനമായിരുന്നു ഇത്. മതിയായ കാരണങ്ങളുണ്ടെങ്കിൽ തൊഴിലുടമയെ മാറ്റാനും റീഎൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ നേടാനുമുള്ള സ്വാതന്ത്ര്യം ഇതിലൂടെ തൊഴിലാളികൾക്ക് ലഭിച്ചു. തൊഴിലാളികൾ കരാർ ലംഘനം നടത്താതെ തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുള്ള സൗകര്യം തൊഴിലുടമകൾക്കും ലഭ്യമായി. നിയമപരമായി രണ്ട് കൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു. അനുബന്ധമായി വേതന സംരക്ഷണ നിയമവും സംവിധാനവും നടപ്പാക്കി. ഇതോടെ എല്ലാമാസവും തൊളിലാളികൾക്ക് തങ്ങളുടെ വേതനം കൈപ്പറ്റിയെന്ന് ഡിജിറ്റലായി ഉറപ്പുവരുത്താനുള്ള സൗകര്യവുമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ