സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനം

By Web TeamFirst Published Feb 25, 2020, 6:02 PM IST
Highlights

അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാല് ജീവനക്കാര്‍ക്കും ലെവി ഇളവ് അനുവദിക്കും. ഉടമയായ സ്വദേശി പൗരന്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരിക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

റിയാദ്: അഞ്ചില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാല് ജീവനക്കാര്‍ക്കും ലെവി ഇളവ് അനുവദിക്കും. ഉടമയായ സ്വദേശി പൗരന്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരിക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

ഗാര്‍ഹിക തൊഴിലാളികളെ താല്‍കാലികാടിസ്ഥാനത്തില്‍ കൈമാറുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും ലെവിയില്‍ നിന്ന് ഒഴിവാക്കും. ഇതോടൊപ്പം ഗള്‍ഫ് പൗരന്മാര്‍, സൗദി സ്ത്രീകളുടെ ഭര്‍ത്താക്കന്മാരായ വിദേശികള്‍, സൗദി പൗരന്മാരുടെ ഭാര്യമാരായ വിദേശികള്‍, വിദേശികളെ വിവാഹം കഴിച്ച സൗദി സ്ത്രീകളുടെ സൗദി പൗരത്വം ലഭിക്കാത്ത മക്കള്‍ എന്നിവര്‍ക്കും ലെവി ഇളവ് ലഭിക്കുമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രലയം അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ് നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഈ തീരുമാനം നിലവില്‍ വന്നു. വ്യവസായ മന്ത്രാലയത്തിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കാനും നിശ്ചിത സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കണം. 

click me!