കുവൈത്തിൽ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായി; അനധികൃത താമസക്കാർക്ക്‌ ഭാഗിക പൊതുമാപ്പ്‌ ലഭിക്കും

By Web TeamFirst Published Nov 20, 2020, 11:09 PM IST
Highlights

നിലവിൽ 1,32,000 അനധികൃത താമസക്കാർ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്‌. ഇവരിൽ നാൽപതിനായിരത്തോളം പേർ ഭാഗിക പൊതുമാപ്പ്‌ വഴി  താമസരേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. 

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ അടുത്ത മാസം ഒന്നു മുതൽ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താനാവും. ഇതിനായുള്ള നടപടിക്രമങ്ങൾ അതായത് ഗവർണ്ണറേറ്റുകളിൽ ആരംഭിച്ചു. അതേസമയം കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ 1,32,000 അനധികൃത താമസക്കാർ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്‌. ഇവരിൽ നാൽപതിനായിരത്തോളം പേർ ഭാഗിക പൊതുമാപ്പ്‌ വഴി  താമസരേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. രാജ്യത്ത്‌ അനധികൃത താമസക്കാർക്ക്‌ പിഴ അടച്ച്‌ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പിഴയടച്ചു കൊണ്ട്‌ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നൽകിക്കൊണ്ടുള്ള ഭാഗിക പൊതുമാപ്പ്‌ ഡിസംബർ ഒന്ന് മുതലാണ് ആരംഭിക്കുന്നത്‌. ഡിസംബർ 31 വരെയാണ് ഇതിനായി അനുവദിച്ച സമയ പരിധി. 

സ്‍പോൺസർമ്മാരിൽ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും താമസ കുടിയേറ്റ വിഭാഗം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അടുത്ത ആഴ്ച മുതൽ അതാത്‌  ഗവർണ്ണറേറ്റുകളിലെ താമസ-കുടിയേറ്റ വിഭാഗം നടപടികൾ സ്വീകരിക്കും. അതേസമയം കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങിയാണ് ഇവരുടെ താമസ രേഖ റദ്ദായത്‌.

click me!