Gulf News | മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായി

By Web TeamFirst Published Nov 17, 2021, 10:22 AM IST
Highlights

വിവിധ കാരണങ്ങള്‍ കൊണ്ട് പുതുക്കാന്‍ സാധിക്കാതിരുന്ന 3,16,700 പ്രവാസികളുടെ ഇഖാമ ഈ വര്‍ഷം റദ്ദായതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 3,16,700 പ്രവാസികളുടെ ഇഖാമ (Residence permit) റദ്ദായതായി അധികൃതര്‍ അറിയിച്ചു. വിവിധ വിസാ കാറ്റഗറികളില്‍ (visa categories) ഉള്‍പ്പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. യാത്രാ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കാതെ വന്നവര്‍,  നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍,   ജോലി അവസാനിച്ചതിനെ തുടര്‍ന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവര്‍, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ഇഖാമ റദ്ദായവര്‍ അധികവും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇഖാമ റദ്ദാക്കപ്പെട്ടവരുടെ എണ്ണം 44,124 ആയിരുന്നു. കൊവിഡ് മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധി കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്തി ഇഖാമ പുതുക്കാന്‍ സാധിക്കാത്തവരുടെ എണ്ണം കൂടിയതാണ് വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം കൊവിഡ് കാലത്ത് രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയവര്‍ക്ക് ഓണ്‍ലൈനായി ഇഖാമ പുതുക്കുന്നതിനുള്ള സംവിധാനം താമസകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയാല്‍ ഇഖാമ റദ്ദാവുമെന്ന നിബന്ധനയും ഈ സമയത്ത് താത്കാലികമായി ഒഴിവാക്കി നല്‍കിയിരുന്നു.

click me!