
മസ്‍കത്ത്: ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ സമാധാനം തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാനാണ് അഡ്‍മിനിസ്‍ട്രേറ്ററുടെ ശ്രമം. അദ്ദേഹത്തെ പിന്‍വലിച്ച് ലക്ഷദ്വീപിന്റെ പ്രകൃതിയും പാരമ്പര്യവും സംരക്ഷിക്കാന്‍ ഭരണകൂടം തയാറാകണമെന്നും ആര്‍.എസ്.സി ആവശ്യപ്പെട്ടു.
പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്‍പിച്ച് ദ്വീപ് സമൂഹത്തെ മറ്റൊരു കാശ്മീരാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ വിശ്വാസ - സംസ്‌കാരങ്ങള്‍ അട്ടിമറിക്കാനുമുള്ള നീക്കം വ്യക്തമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയിരുന്ന പതിവുരീതി തെറ്റിച്ച് ഗുജറാത്തില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംസ്ഥാന മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിന് ചുമതല നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാറിന് അജണ്ടയുണ്ടെന്നും ആര്‍.എസ്.സി പറഞ്ഞു.
ഭാഷാപരമായും മറ്റും കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പഠനത്തിനും ചികിത്സക്കും ആശ്രയിക്കുകയും ചെയ്യുന്ന ദ്വീപ് ജനതയെ കേരളത്തില്‍ നിന്ന് അകറ്റാനും ആസൂത്രിത ശ്രമമുണ്ട്. ദ്വീപ് ജനതയുടെ ജനാധിപത്യപരവും സാംസ്‌കാരികവുമായ ജന്മാവകാശം കാത്തുസൂക്ഷിച്ച് കോര്‍പറേറ്റുകളില്‍ നിന്നും ഫാഷിസ്റ്റുകളില്‍ നിന്നും അവരുടെ മണ്ണും മനസും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ മതേതരത്വത്തിലും നിയമ സംവിധാനങ്ങളിലും വിശ്വസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിക്കണമെന്നും ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam