
റിയാദ്: സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി സ്ഥാപക ദിനം പ്രമാണിച്ചാണ് അവധി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കാണ് അവധിയെന്ന് മന്ത്രാലയം വിദശീകരിച്ചു. സ്ഥാപക ദിന അവധിക്കൊപ്പം വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി അവധി ലഭിക്കുന്ന ജീവനക്കാർക്ക് ഇതോടെ ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ്മ ദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കുന്നത്.
Read Also - കൈവിട്ടു കളയല്ലേ മലയാളികളേ! പെട്ടി പാക്ക് ചെയ്തോളൂ; ഉയര്‍ന്ന ശമ്പളം, റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ അംഗീകൃതം
പിഴ തുക പുതുക്കി; പെട്രോൾ സ്റ്റേഷനുകളിലെ നിയമം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടായേക്കും.
പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കാതെയുള്ള പെട്രോളിയം അല്ലെങ്കിൽ ഇതര ഉൽപ്പന്നങ്ങളുമായി കലർത്തിയ പെട്രോളിയം വിൽപന നടത്തിയാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും.
സ്റ്റേഷനിൽ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ ലൂബ്രിക്കേഷൻ, ഓയിൽ ചെയ്ഞ്ചിങ്ങിനുള്ള ഷോപ്പ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താൽ 5,000 റിയാലാണ് പിഴ. നമസ്കാര പള്ളി, കോഫി ഷോപ്പ് അല്ലെങ്കിൽ റസ്റ്റോൻറ്, ടയർ വിൽക്കാനും നന്നാക്കാനുമുള്ള കട എന്നിവ സ്റ്റേഷനിൽ ഇല്ലാതിരുന്നാലും പിഴയുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam