ജോലിസമയം പരമാവധി 10 മണിക്കൂർ, സൗദിയിൽ ഗാർഹിക തൊഴിലാളി നിയമം പരിഷ്കരിക്കുന്നു

Published : Apr 01, 2026, 01:20 PM IST
domestic workers

Synopsis

സൗദി അറേബ്യ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ കരട് നിയമം അവതരിപ്പിച്ചു.'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുറത്തിറക്കിയ നിയമത്തിൽ, 21 വയസ്സ് കുറഞ്ഞവരെ ജോലിക്കെടുക്കുന്നത് നിരോധിക്കുകയും, തൊഴിൽ കരാറുകൾ, ജോലി സമയം, വേതനം, കരാർ റദ്ദാക്കൽ എന്നിവ സംബന്ധിച്ച് വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.

റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. റിക്രൂട്ട്‌മെന്റ് നടപടികൾ സുതാര്യമാക്കാനും ചൂഷണം തടയാനും ലക്ഷ്യമിട്ട് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം 'ഇസ്തിലാ' (Istila) പ്ലാറ്റ്‌ഫോം വഴിയാണ് പുതിയ കരട് നിയമം പുറത്തിറക്കിയത്.

പ്രധാന നിബന്ധനകൾ

പുതിയ നിയമമനുസരിച്ച് 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക ജോലികൾക്കായി നിയോഗിക്കുന്നത് പൂർണമായും നിരോധിച്ചു.

തൊഴിൽ കരാറുകളെ സംബന്ധിച്ച പ്രധാന നിർദ്ദേശങ്ങൾ

ഭാഷ: തൊഴിൽ കരാറുകൾ നിർബന്ധമായും അറബി ഭാഷയിലായിരിക്കണം. ഒപ്പം തൊഴിലാളിക്ക് മനസ്സിലാകുന്ന മാതൃഭാഷയിലുള്ള വിവർത്തനവും കരാറിൽ ഉൾപ്പെടുത്തണം.

കരാർ കാലാവധി: കൃത്യമായ കാലാവധി രേഖപ്പെടുത്താത്ത കരാറുകൾ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സ്വയം പുതുക്കപ്പെടുന്നതായി കണക്കാക്കും.

പ്രൊബേഷൻ: തൊഴിലാളിയുടെ പ്രഫഷണൽ കഴിവും പെരുമാറ്റവും വിലയിരുത്തുന്നതിനായി 90 ദിവസത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ഇരുപക്ഷത്തിനും കരാർ റദ്ദാക്കാം.

ജോലി സമയവും വിശ്രമവും

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ജോലി സമയം കൃത്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള ജോലി സമയം 10 മണിക്കൂറിൽ കൂടാൻ പാടില്ല.

ഓരോ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷവും ചുരുങ്ങിയത് അരമണിക്കൂർ വിശ്രമം നൽകണം. തുടർച്ചയായ എട്ട് മണിക്കൂർ രാത്രി വിശ്രമം നിർബന്ധമാണ്. ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്. അധിക ജോലിക്ക് (ഓവർ ടൈം) പ്രത്യേക വേതനം നൽകണം.

വേതനവും ആനുകൂല്യങ്ങളും

മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ വേതനം നൽകാവൂ. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. കോടതി ഉത്തരവോ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സാഹചര്യമോ അല്ലാതെ ശമ്പളത്തിൽ നിന്ന് നാലിലൊന്നിലധികം തുക കുറയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല. വർഷത്തിൽ 30 ദിവസം വരെ ശമ്പളത്തോടുകൂടിയ സിക് ലീവ് ലഭിക്കാൻ അർഹതയുണ്ട്. നിയമവിരുദ്ധമായി കരാർ അവസാനിപ്പിച്ചാൽ രണ്ട് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നൽകേണ്ടി വരും.

കരാർ റദ്ദാക്കൽ: വ്യവസ്ഥകൾ

കരാർ കാലാവധി തീരുക, ഇരുപക്ഷത്തിെൻറയും സമ്മതം, മരണം, ശാരീരിക അശക്തി, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുക തുടങ്ങി ഏഴ് സാഹചര്യങ്ങളിൽ കരാർ റദ്ദാക്കാം. തൊഴിലുടമ കരാർ ലംഘിക്കുകയോ, മർദ്ദനത്തിനോ പീഡനത്തിനോ ഇരയാക്കുകയോ ചെയ്താൽ തൊഴിലാളിക്ക് നിയമപരമായി കരാർ അവസാനിപ്പിക്കാം. അതേസമയം, തൊഴിലാളി മനഃപൂർവ്വം സാമ്പത്തിക നഷ്ടമുണ്ടാക്കിയാൽ ആനുകൂല്യങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്കും അധികാരമുണ്ട്.

പരാതികൾക്കും തർക്ക പരിഹാരത്തിനും

തൊഴിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യം മന്ത്രാലയത്തിന് കീഴിലുള്ള അനുരഞ്ജന സമിതിയിലാണ് പരാതി നൽകേണ്ടത്. അവിടെ പരിഹാരമായില്ലെങ്കിൽ മാത്രമേ ലേബർ കോടതിയെ സമീപിക്കാവൂ. കരാർ അവസാനിച്ചാൽ സർവീസ് സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണമെന്നും, തൊഴിലാളി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടം ഫാമിൽ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ക്രീമിയയിൽ വൻ വിമാന അപകടം, സൈനിക വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു, ലാൻഡിംഗിനിടെ തകർന്നത് ആന്റോനോവ് 26