പുതിയ ഹജ്ജ് കോൺസലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഫ്രാൻസിലെ മാഴ്സില്ലേയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയായിരിക്കെയാണ് ജിദ്ദയിലേക്ക് പുതിയ നിയമനം ലഭിക്കുന്നത്.  

റിയാദ്: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പുതിയ ഹജ്ജ് കോൺസലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിനിയാണ്. ഗ്രാമീണ ബാങ്ക് ദിയോബന്ദ് ബ്രാഞ്ച് മുൻ മാനേജർ ഇസ്‌റാർ അഹമ്മദിെൻറയും ഷഹബാസ് ബാനുവിെൻറയും മൂത്ത മകളായ 31 കാരിയായ സദഫ് ചൗധരി 2020 ബാച്ച് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 23-ാം റാങ്ക് ജേതാവാണ്. ഫ്രാൻസിലെ മാഴ്സില്ലേയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയായിരിക്കെയാണ് ജിദ്ദയിലേക്ക് പുതിയ നിയമനം ലഭിക്കുന്നത്. ഇതാദ്യമായാണ് ഒരു വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഹജ്ജ് കോൺസലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയിൽ വരുന്നത്.

2020 ബാച്ച് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മുസ്ലിം ഉദ്യോഗാർത്ഥികളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വ്യക്തി കൂടിയായിരുന്നു സദഫ് ചൗധരി. ഹജ്ജ് കോൺസൽ എന്ന നിലയിൽ ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ എന്നിവർക്കൊപ്പം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമം, സുരക്ഷ, താമസം തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ സദഫ് നിർണ്ണായക പങ്ക് വഹിക്കും. സൗദി അധികൃതരുമായും വിവിധ ഹജ്ജ് സർവീസ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഹജ്ജ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ ഇവർ നേതൃത്വം നൽകും. തെൻറ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും സിവിൽ സർവീസിെൻറ ഉന്നതശ്രേണിയിലെത്തിയ സദഫിെൻറ നേതൃത്വം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ തണലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിൽ ബംഗ്ലാദേശ് –മ്യാൻമർ ഡെസ്കിെൻറ ചുമതല വഹിക്കുന്ന സെക്രട്ടറിയായി സ്ഥലം മാറിപ്പോയ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജലീലിെൻറ പിൻഗാമിയായാണ് സദഫ് ചൗധരിയുടെ നിയമനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ മുൻ കോൺസൽ മുഹമ്മദ് ഹാഷിം കൈകാര്യം ചെയ്തിരുന്ന കൊമേഴ്സ് വകുപ്പിെൻറ ചുമതല കൂടി ഹജ്ജ് വകുപ്പിന് പുറമെ ഇവർ വഹിക്കും. ഇവരെ കൂടാതെ പ്രസ്സ്, ഇൻഫർമേഷൻ, സാംസ്‌കാരിക വകുപ്പുകളുടെ ഹെഡ് ഓഫ് ചാൻസറി യായി ഇമാം മെഹ്ദി ഹുസൈനും പുതുതായി ജിദ്ദ കോൺസുലേറ്റിൽ ചുമതലയേറ്റിട്ടുണ്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഇമാം ഹുസൈൻ എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ ഇന്ത്യൻ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.