
റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ കൊലപാതകം നടന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യാ പൊലീസിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നതുപോലെ അവിടെ കൊലപാതകം നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു കുടുംബ തർക്കവുമായി ബന്ധപ്പെട്ട സംഭവമാണ് അവിടെ ഉണ്ടായതെന്നും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സത്യാവസ്ഥ അന്വേഷിക്കാതെ തെറ്റായ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ 'ആന്‍റി സൈബർ ക്രൈം' നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൈബർ നിയമപ്രകാരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 5 വർഷം വരെ തടവും അല്ലെങ്കിൽ 30 ലക്ഷം സൗദി റിയാൽ (ഏകദേശം 6.6 കോടി രൂപ) വരെ പിഴയും ശിക്ഷ ലഭിക്കാം. സോഷ്യൽ മീഡിയയിലൂടെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam