
റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ പ്രവിശ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അക്രമത്തിന് ഇരയായ വ്യക്തിയെ ശരീരമാസകലം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അതിയാ ബിൻ താഹിർ ബിൻ അഹമ്മദ് ഖർമി എന്ന സൗദി പൗരെൻറ ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
അബ്ദുറഹ്മാൻ ബിൻ അഹമ്മദ് ബിൻ സായിദ് അസീരി എന്ന സ്വദേശിയാണ് പ്രതിയുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് പിന്നാലെ സുരക്ഷാ അധികൃതർ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതും ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചതും. കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രതിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ശരിവെക്കുകയും മരണത്തിന് പകരമായി വധശിക്ഷ വിധിക്കുകയുമായിരുന്നു. ഉയർന്ന ജുഡീഷ്യൽ കൗൺസിലുകളുടെ അനുമതിയോടെ ഈ വിധി അന്തിമമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന്, ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കാൻ രാജകൽപ്പന പുറപ്പെടുവിക്കുകയായിരുന്നു.
രാജ്യത്ത് ക്രമസമാധാനം നിലനിർത്താനും നീതി പൂർണമായി നടപ്പാക്കാനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭംഗം വരുത്തുകയും രക്തച്ചൊരിച്ചിൽ നടത്തുകയും ചെയ്യുന്നവർക്കെതിരെ ഇസ്ലാമിക നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും, നിയമം കൈയിലെടുക്കാൻ തുനിയുന്ന ആർക്കും ഇതേ നിയമപരമായ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam