
റിയാദ്: ഇന്ത്യൻ സിനിമയിലെ പ്രശസ്ത അഭിനേത്രി രേഖയെ ആദരിച്ച് സൗദി അറേബ്യ. ജിദ്ദയിൽ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി സൗദി സിനിമാരംഗത്തെ ഏറ്റവും വലിയ പുരസ്കാരം സമ്മാനിച്ചത്. അവർ അഭിനയിച്ച് 1981ൽ പുറത്തിറങ്ങി ക്ലാസിക് സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ച ‘ഉമ്റാവു ജാൻ’ മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഫെസ്റ്റിവൽ സി.ഇ.ഒ ഫൈസൽ ബാൾട്ടിയൂരാണ് രേഖക്ക് പുരസ്കാര ഫലകം സമ്മാനിച്ചത്.
ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ തെൻറ ശ്രദ്ധേയമായ സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ചതിലുള്ള സന്തോഷം രേഖ വികാരനിർഭരമായ പ്രസംഗത്തിൽ പ്രകടിപ്പിച്ചു. സിനിമ തന്നെയാണ് തന്‍റെ ജീവിതമെന്നും പുതിയ തലമുറയോട് സിനിമയെ ഗൗരവത്തിലെടുക്കാനും അവർ ആഹ്വാനം ചെയ്തു. ഏറ്റവും നന്നായി ജീവിക്കുക, അപ്പോള്‍ മറ്റുള്ളതെല്ലാം പിറകെവരും എന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിെൻറ സംവിധായകൻ മുസഫർ അലി, മറ്റു അണിയറ പ്രവർത്തകരായ മീരാ അലി, സഞ്ജയ് ജെയിൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ‘ഉമ്റാവു ജാൻ’ സിനിമ പ്രദർശിപ്പിക്കുന്നത്. ക്ലാസിക് അന്താരാഷ്ട്ര, അറബ് സിനിമകൾക്കായി സമർപ്പിച്ചിട്ടുള്ള ജിദ്ദ റെഡ് സീ ഫെസ്റ്റിവലിലെ ‘ട്രഷേഴ്സ്’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam