95,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതി, കൂറ്റൻ സംയോജിത ലോജിസ്റ്റിക് സെന്‍റർ തുറന്നു; ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറാനുള്ള കുതിപ്പിൽ ഈ ഗൾഫ് നാട്

Published : Jul 18, 2026, 05:52 PM IST
jeddah

Synopsis

ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് സൗദിയിലെ ദേശീയ ഷിപ്പിങ് കമ്പനിയായ ‘അൽ ബഹ്റി’യുടെ നേതൃത്വത്തിൽ അത്യാധുനിക ബോണ്ടഡ് സംയോജിത ലോജിസ്റ്റിക്സ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. 95,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, സൗദിയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള രാജ്യത്തിൻ്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകും.

റിയാദ്: ആഗോള ലോജിസ്റ്റിക്സ് ഭൂപടത്തിൽ മുൻനിരയിലേക്ക് കുതിക്കുന്ന സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾക്ക് കരുത്തുപകർന്ന് ജിദ്ദ ഇസ്‍ലാമിക് തുറമുഖത്ത് അത്യാധുനിക ബോണ്ടഡ് സംയോജിത ലോജിസ്റ്റിക്സ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സൗദിയിലെ ദേശീയ ഷിപ്പിങ് കമ്പനിയായ ‘അൽ ബഹ്റി’, സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക), സൗദി പോർട്ട്സ് അതോറിറ്റി (മവാനി) എന്നിവയുമായി സഹകരിച്ചാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ വമ്പൻ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസിർ കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.

അൽ ബഹ്റി കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായ ഈ സംയോജിത ലോജിസ്റ്റിക്സ് സംരംഭം 95,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ഒരേസമയം 80,000ത്തിലധികം പാലറ്റുകൾ സൂക്ഷിക്കാനുള്ള ഭീമമായ സംഭരണ ശേഷിയാണ് ഈ കൂറ്റൻ സെൻററിനുള്ളത്.

നൂതന സംവിധാനങ്ങളും സേവനങ്ങളും

1. താപനില നിയന്ത്രിത സംഭരണം: ചരക്കുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധാരണ താപനിലയിലുള്ള സംഭരണത്തിന് പുറമെ, തണുപ്പിച്ച സംഭരണം, ഫ്രോസൺ സംഭരണം എന്നിവയ്ക്കുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്.

2. നികുതി രഹിത സംഭരണം: സാറ്റ്കയുടെ അംഗീകൃത നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാൽ, പ്രാദേശിക വിപണിയിലേക്ക് പ്രവേശിക്കുന്നത് വരെ കസ്റ്റംസ് ഡ്യൂട്ടിയോ വാറ്റോ മുൻകൂറായി അടയ്ക്കാതെ തന്നെ കമ്പനികൾക്ക് ഇവിടെ ചരക്കുകൾ സൂക്ഷിക്കാനും പുനർകയറ്റുമതി ചെയ്യാനും സാധിക്കും.

3. ഏകജാലക സംവിധാനം: സ്റ്റോറേജ്, ഹാൻഡ്‌ലിങ്, കസ്റ്റംസ് ക്രിയറൻസ്, മൂല്യവർദ്ധിത ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ മേൽക്കൂരയിൽ ലഭ്യമാണ്.

4. ഡിജിറ്റൽ ട്രാക്കിങ്: കസ്റ്റംസിെൻറ ‘ഫസഹ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി ചരക്കുകളുടെ നീക്കം തത്സമയം നിരീക്ഷിക്കാനും നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാനും സാധിക്കും.

‘തങ്ങളുടെ സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങൾ വികസിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത്. സൗദിയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള രാജ്യത്തിെൻറ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ അൽ ബഹ്‍രി പ്രതിജ്ഞാബദ്ധമാണ്’— എൻജി. അഹമ്മദ് അൽ സുബൈഇ (അൽ ബഹ്‍രി സി.ഇ.ഒ) പറഞ്ഞു.

മേഖലയിലെ ഏറ്റവും തിരക്കേറിയ ജിദ്ദ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിന് പ്രധാന അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. ഇത് സൗദിയിലേക്കും മറ്റ് ജി.സി.സി വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിനുള്ള സമയദൈർഘ്യം ഗണ്യമായി കുറയ്ക്കും. ആഗോള ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് റാങ്കിങ് ഉയർത്തിയും തുറമുഖങ്ങളുടെ ശേഷി വർദ്ധിപ്പിച്ചും മുന്നേറുന്ന സൗദി അറേബ്യയുടെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് ജിദ്ദയിലെ ഈ പുതിയ കേന്ദ്രം വലിയ ഊർജ്ജം പകരുമെന്നുറപ്പാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫീൽഡ് പരിശോധനക്കിടെ സംശയം, കസ്റ്റംസിന്‍റെ അതിവേഗ നടപടി; ഇന്ത്യക്കാരൻ അറസ്റ്റിൽ, വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്ത്
അതീവ ജാഗ്രത വേണം, യാത്രകൾ അടിയന്തരമായി പുനഃപരിശോധിക്കണം; പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ് നൽകി കുവൈത്തിലെ യുഎസ് എംബസി