വിദേശത്ത് നിന്ന് എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്. കസ്റ്റംസിന്‍റെ അതിവേഗ നടപടിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

കുവൈത്ത് സിറ്റി: യുകെയിൽ നിന്നും കാനഡയിൽ നിന്നും എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വലിയ ശേഖരങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വിജയകരമായി പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അതീവ ജാഗ്രതയും കള്ളക്കടത്ത് തടയുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനവും തെളിയിക്കുന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യത്തെ സംഭവത്തിൽ എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഇൻസ്പെക്ടർമാർ തങ്ങളുടെ ഫീൽഡ് പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ ഒരു പാർസൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രാസ ലഹരിവസ്തുക്കൾ അടങ്ങിയ നൂറോളം ഷീറ്റുകൾ പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 790 ഗ്രാം തൂക്കം വരുന്നതായിരുന്നു പിടിച്ചെടുത്ത ഈ നിരോധിത രാസവസ്തുക്കൾ. നിയമവിരുദ്ധമായ ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.