ഹജ്ജിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു; പ്രായപരിധിയില്ല, ഇൻഷുറൻസ് തുക കുറച്ചു

By Web TeamFirst Published Jan 12, 2023, 11:24 AM IST
Highlights

ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടി. ഉംറ വിസയിലെത്തുന്നയാൾക്ക് രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാവുന്നതാണ്. 

റിയാദ്: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ സൗദി ഹജ്ജ് - ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹജ്ജ് തിരികെ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തിനും മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചു. 

കഴിഞ്ഞ മൂന്ന് വർഷവും തീർത്ഥാടകർക്ക് നിശ്ചയിച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഒഴിവാക്കി. ഏത് പ്രായക്കാർക്കും ഇനി ഹജ്ജ് നിര്‍വഹിക്കാം. ‘ഹജ്ജ് എക്സ്പോ’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജ് തീർഥാടകരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി തുക 109 റിയാലിൽ നിന്ന് 29 റിയാലായും ഉംറ തീർഥാടകരുടെ ഇൻഷുറൻസ് പോളിസി 235 റിയാലിൽ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടി. ഉംറ വിസയിലെത്തുന്നയാൾക്ക് രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വിസയുമായി സൗദിയിലെത്തുന്ന ഏതൊരു സന്ദർശകനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഇപ്പോൾ അവസരമുണ്ട്. ഈ വർഷം മുതൽ ഏത് രാജ്യത്തെയും ഹജ്ജ് മിഷൻ ഓഫീസുകൾക്ക്, തങ്ങളുടെ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സൗദിയിലെ ഏതെങ്കിലും ലൈസൻസുള്ള കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ അനുവദിക്കും. 

Read also: സൗദി പൗരത്വനിയമത്തില്‍ ഭേദഗതി; വിദേശികളെ വിവാഹം ചെയ്‍ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വം അനുവദിക്കും

ഈ വർഷത്തെ ഹജ്ജിന് സൗദി അറേബ്യയിലുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തീയ്യതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. 

ബുക്കിംഗ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശമെത്തും. ഇക്കാര്യം വെ‍ബ്‍സൈറ്റ് വഴയും ആപ്ലിക്കേഷൻ വഴിയും പരിശോധിക്കുകയും ചെയ്യാം. 3,984 റിയാൽ മുതൽ 1,1435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേർക്കാൻ സാധിക്കില്ല. ബുക്കിങിന് അപേക്ഷിച്ചാൽ പിന്നീട് ഓൺലൈൻ വഴി റദ്ദാക്കാൻ സാധിക്കില്ല. ഹജ്ജ് ചെയ്യണമെങ്കിൽ ഹജ്ജ് വിസയോ അല്ലെങ്കിൽ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Read also: അധികൃതര്‍ അറസ്റ്റ് ചെയ്‍ത പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

click me!