സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങളുടെ പിഴ ശിക്ഷകൾ പരിഷ്കരിച്ചു

Published : Feb 26, 2026, 05:45 PM IST
saudi arabia

Synopsis

സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങളുടെ പിഴ ശിക്ഷകൾ പരിഷ്കരിച്ചു. പുതിയ ഭേദഗതികൾ പ്രകാരം, ലംഘനങ്ങളെ മേഖലകൾ അനുസരിച്ച് തരംതിരിക്കുകയും സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് പിഴ നിശ്ചയിക്കുകയും ചെയ്യും.  

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി തൊഴിൽ ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും പരിഷ്കരിച്ചുകൊണ്ട് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ-രാജ്‌ഹി ഉത്തരവിട്ടു. പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനങ്ങളെ വിവിധ തൊഴിൽ മേഖലകൾക്ക് അനുസൃതമായി തരംതിരിക്കുകയും ശിക്ഷാ നടപടികൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു.

മുമ്പ് പൊതുവായ ഒരു പട്ടികയിലായിരുന്ന ലംഘനങ്ങളെ ഇപ്പോൾ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ, ഖനനം, നിർമാണ മേഖല, റിക്രൂട്ട്‌മെൻറ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഇനി മുതൽ പ്രത്യേകമായ പിഴ ശിക്ഷകളായിരിക്കും ലഭിക്കുക. ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ് നടത്തുന്നവർക്കും വ്യാജ പരസ്യങ്ങൾ നൽകുന്നവർക്കുമെതിരെ നടപടി കർശനമാക്കി. ചെറുകിട സ്ഥാപനങ്ങൾക്ക് അമിതഭാരം ഒഴിവാക്കുന്നതിനായി, സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പരിഗണിച്ചായിരിക്കും പിഴത്തുക നിശ്ചയിക്കുക. എന്നാൽ വൻകിട സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ കനത്ത പിഴ ഒടുക്കേണ്ടി വരും.

സ്വദേശിവത്കരണ (നിതാഖാത്) ചട്ടങ്ങൾ ലംഘിക്കുന്നവർക്കും അനധികൃത റിക്രൂട്ട്‌മെൻറ് നടത്തുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശമ്പളം കൃത്യസമയത്ത് നൽകാതിരിക്കുക, ശരിയായ തൊഴിൽ കരാറില്ലാതെ ജോലി ചെയ്യിപ്പിക്കുക തുടങ്ങിയ ലംഘനങ്ങൾ പുതിയ പരിഷ്കാരത്തിലൂടെ തടയാനാകുമെന്ന് മന്ത്രാലയം കരുതുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2025-ൽ തൊഴിൽ നിയമത്തിൽ വരുത്തിയ അടിസ്ഥാനപരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ പിഴ പരിഷ്കരണം. പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എക്സിറ്റ് സ്ലിപ്പുകൾ ഇല്ല, ഉദ്യോഗസ്ഥന്‍റെ ജാഗ്രതയിൽ ചുരുളഴിഞ്ഞത് വൻ തട്ടിപ്പ്, അതിർത്തി കടക്കുന്നതിനിടെ ഒരു കുടുംബത്തിലെ 7 പേർ പിടിയിൽ
ബിഗ് ടിക്കറ്റ് - മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹംവീതം ലഭിച്ചു