Latest Videos

ചാട്ടയടി നിരോധിച്ചതിന് പിന്നാലെ സൗദിയില്‍ വധശിക്ഷ നല്‍കുന്നതും പരിഷ്കരിച്ചു

By Web TeamFirst Published Apr 29, 2020, 11:57 AM IST
Highlights

കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക. വിവിധ കേസുകളില്‍ വിധിക്കാറുണ്ടായിരുന്ന ചാട്ടയടി ശിക്ഷയും സൗദിയില്‍ അടുത്തിടെ നിരോധിച്ചിരുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കും.  

ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നിലവിലുണ്ടായിരുന്ന ചാട്ടയടി ശിക്ഷ നിരോധിച്ച് സൗദി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ  തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.

click me!