സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് തുടരും

By Web TeamFirst Published Aug 11, 2021, 2:09 PM IST
Highlights

കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് നഗരവികസന, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം അറിയിച്ചു. 

റിയാദ്: കൊവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കൊവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്സിനേഷൻ പൂർത്തിയാകാത്തതും കൊണ്ടാണ് സാമൂഹിക സംഗമങ്ങൾക്കുള്ള വിലക്ക് തുടരുന്നത്. 

കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് നഗരവികസന, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം അറിയിച്ചു. ഇത്തരം ഒത്തുചേരലുകൾ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുന്നത്. വൃദ്ധരും കുട്ടികളും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നതിനാൽ ഇവരിലേക്ക് എളുപ്പത്തിൽ രോഗം പടരാൻ ഇതു കാരണമാകും. 

സാമൂഹിക വ്യാപനത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. രാജ്യത്ത് ഭൂരിഭാഗം പേരും ഇപ്പോഴും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടില്ലെന്നതും വിലക്ക് തുടരാൻ കാരണമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൽ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

click me!