അരാംകോ ഓഹരി വിൽപന പ്രഖ്യാപനം: സൗദി ഓഹരി വിപണി ചരിത്ര നേട്ടത്തിൽ

By Web TeamFirst Published Nov 4, 2019, 10:41 AM IST
Highlights

ലോകത്തെ എണ്ണ ഭീമെൻറ ഒഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധം വിപണിയിലെത്തുന്ന വാർത്തയെ ഒരേസമയം ഞെട്ടിയും ആശ്ചര്യം പ്രകടിപ്പിച്ചുമാണ് സൗദി ഓഹരി കമ്പോളം വരവേറ്റത്.

റിയാദ്: സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം രാജ്യത്തെ ഓഹരി വിപണിയിൽ സൃഷ്ടിച്ചത് സ്ഫോടനാത്മക അന്തരീക്ഷം. ലോകത്തെ എണ്ണ ഭീമെൻറ ഒഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധം വിപണിയിലെത്തുന്ന വാർത്തയെ ഒരേസമയം ഞെട്ടിയും ആശ്ചര്യം പ്രകടിപ്പിച്ചുമാണ് സൗദി ഓഹരി കമ്പോളം വരവേറ്റത്. ഞായറാഴ്ച സ്റ്റോക്ക് മാർക്കറ്റ് ക്ലോസ് ചെയ്തത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചകത്തിലാണ്. 

അതായത് ഇൻഡക്സ് പോയിൻറ് 7590.33 എന്ന ഉയരത്തിൽ. ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചകമാണിതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അരാംകോയുടെ ഓഹരി പൊതുവിപണിയിലെത്തുന്നു എന്ന് ഞായറാഴ്ച രാവിലെയുണ്ടായ പ്രഖ്യാപനമാണ് ഓഹരി വില സൂചികകളെ പോലും ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ സംജാതമാക്കിയതെന്നും ഈ തരംഗം തുടരുമെന്നും രാജ്യത്തെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

സൗദി സ്റ്റോക്ക് മാർക്കറ്റായ ’തദാവുൽ’ മുഖേനെ ആഭ്യന്തര വിപണിയിലാണ് വിൽപനയെങ്കിലും മുഴുവൻ സ്വദേശി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന ചില വിദേശികൾക്കും ഓഹരികൾ സ്വന്തമാക്കാൻ കഴിയുമെന്ന് അരാംകോ വൃത്തങ്ങൾ വ്യക്തമാക്കി. ചില വിദേശികൾ എന്ന് പറയുന്നതിനാൽ ചില യോഗ്യതകളുടെ മാനദണ്ഡത്തിലാണ് വിദേശികൾക്ക് ഓഹരി വിൽപന എന്ന സൂചനയാണ് ലഭിക്കുന്നത്. ഉപാധികളോടെയും കർശന നിബന്ധനകൾക്ക് വിധേയമായിട്ടുമായിരിക്കും അത്. 

എന്നാൽ അക്കാര്യത്തിൽ കൂടുതൽ വിശദീകരണം ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുണ്ടായിട്ടില്ല. രാജ്യത്ത് താമസക്കാരായ ചില വിദേശികൾ എന്നൊരു സൂചന മാത്രമേ വാർത്താക്കുറിപ്പിലുള്ളൂ. രാജ്യത്തെ സമ്പദ്‌ഘടനയുടെ വൈവിധ്യവത്കരണം എന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവനം ചെയ്യുന്ന ദേശീയ പരിവർത്തന പദ്ധതി ’വിഷൻ 2030’ന്‍റെ ഭാഗമാണ് അരാംകോ ഓഹരി വിറ്റഴിക്കൽ.

click me!