വിദ്യാർത്ഥികളുമായി അനുഭവങ്ങള്‍ പങ്കിട്ട് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും

Published : May 26, 2023, 08:18 PM IST
വിദ്യാർത്ഥികളുമായി അനുഭവങ്ങള്‍ പങ്കിട്ട് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും

Synopsis

അന്താരാഷ്‌ട്ര ബഹിരാകാശ സംഘത്തോടൊപ്പം തിങ്കളാഴ്ച വാനനിലയത്തിലെത്തിയ ശേഷമുള്ള അവരുടെ ജീവിതരീതിയെയും  ദിനചര്യകളെയും കുറിച്ച ജിജ്ഞാസയും കൗതുകവും നിറഞ്ഞ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി. തങ്ങളുടെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള അതുല്യവും വിവരണാതീതവുമായ അനുഭവങ്ങളും വികാരങ്ങളും കുട്ടികളുമായി അവർ  പങ്കുവെച്ചു.

റിയാദ്: അനിതര സാധാരണമായ  വാനലോകാനുഭവങ്ങൾ റിയാദിലെ ഒരുകൂട്ടം വിദ്യാർഥികളുമായി പങ്കിട്ട്  സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും. ബഹിരാകാശ നിലയത്തിൽ നിന്നുള്ള റേഡിയോ അമേച്വർ ഫ്രീക്വൻസി ഉപയോഗിച്ച് റിയാദിലെ ഒരു ഗ്രൗണ്ട് സ്റ്റേഷനിലൂടെ വിദ്യാർഥികളുമായി സംവദിച്ച  റയാനയും അലിയും ഉപരിലോകാനുഭവങ്ങൾ അവരുമായി  പങ്കുവെച്ചു. 

അന്താരാഷ്‌ട്ര ബഹിരാകാശ സംഘത്തോടൊപ്പം തിങ്കളാഴ്ച വാനനിലയത്തിലെത്തിയ ശേഷമുള്ള അവരുടെ ജീവിതരീതിയെയും  ദിനചര്യകളെയും കുറിച്ച ജിജ്ഞാസയും കൗതുകവും നിറഞ്ഞ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി. തങ്ങളുടെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള അതുല്യവും വിവരണാതീതവുമായ അനുഭവങ്ങളും വികാരങ്ങളും കുട്ടികളുമായി അവർ  പങ്കുവെച്ചു.

വിദ്യാഭ്യാസ, വിവര കൈമാറ്റ മന്ത്രാലയം സൗദി ബഹിരാകാശ   കമ്മീഷനുമായി ഏകോപ്പിച്ച് സൗദി സ്‍പേസ് ആന്റ് ടെക്നോളജി കമ്മിഷന്റെ സഹകരണത്തോടെയും സൗദി അമേച്വർ റേഡിയോ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയുമാണ്  ബഹിരാകാശ സഞ്ചാരികൾക്കും വിദ്യാർഥികൾക്കുമിടയിൽ സംഭാഷണം സാധ്യമാക്കിയത്.  വിദ്യാർഥികൾക്ക് ശാസ്ത്രാവബോധം പകർന്ന് നൽകുന്നതിനും  ബഹിരാകാശത്തേയും നൂതന സാങ്കേതികവിദ്യകളേയും കുറിച്ചുള്ള അവരുടെ ജിജ്ഞാസയെ പ്രചോദിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ ആശയവിനിമയം. റേഡിയോ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലൂടെ സൗദി അമേച്വർ റേഡിയോ സൊസൈറ്റി കോൾ സിഗ്നൽ ഉപയോഗിച്ച്  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അമേച്വർ റേഡിയോയുമായി  ബന്ധപ്പെട്ടാണ്  വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്. 

നീണ്ട തയാറെടുപ്പുകൾക്കും പരിശീലനങ്ങൾക്കും ശേഷം വാനലോകത്തേക്ക് പ്രയാണം നടത്തിയ റയാനയും അലിയും കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹിരാകാശ നിലയത്തിലുള്ള മറ്റ് ഏഴ് ബഹിരാകാശ സഞ്ചാരികളോടൊപ്പം ചേർന്നത്. ഗവേഷണ പഠനങ്ങൾ മുൻനിർത്തിയുള്ള  ശാസ്‌ത്രീയ ദൗത്യത്തിന്റെ ഭാഗമാണ് ഈ ബഹിരാകാശ യാത്ര. 14 ഗവേഷണ പരീക്ഷണങ്ങളാണ് സംഘം നടത്തുക. മനുഷ്യ ഗവേഷണം, കോശ ശാസ്ത്രം, മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള  ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ബഹിരാകാശ നിലയം  സന്ദർശിച്ച ആദ്യത്തെ സൗദികളായി  ഇരുവരും ചരിത്രം സൃഷ്ടിച്ചപ്പോൾ ബഹിരാകാശ സഞ്ചാരം നടത്തുന്ന ആദ്യത്തെ അറബ് വനിതയായി റയാന  മാറി.

Read also: വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ സംശയം; പരിശോധനയില്‍ പിടിച്ചെടുത്തത് 10 കിലോ കഞ്ചാവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ