
റിയാദ്: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങളുടെ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. രണ്ട് പേരും മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 ശാസ്ത്ര - വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങൾ നടത്താണ് പദ്ധതിയിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000 വിദ്യാർത്ഥികൾ ഉപഗ്രഹം വഴി ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കുന്ന മൂന്ന് വിദ്യാഭ്യാസ പരീക്ഷണങ്ങൾ ഇതിലുൾപ്പെടും.
സൗദി മേധാവികളുടെയും പര്യവേക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും ഒരു പുതിയ തലമുറയെ കെട്ടിപ്പടുക്കുന്നതിനും വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കായി ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന ചെയ്യുക ലക്ഷ്യമിട്ടാണിത്. തലച്ചോറിലും നാഡീവ്യവസ്ഥയിലുള്ള ആറ് ശാസ്ത്രീയ പരീക്ഷണങ്ങളും സൗദി ബഹിരാകാശ സഞ്ചാരികളുടെ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ബഹിരാകാശ പരിതസ്ഥിതിയിൽ തലച്ചോറിലും നാഡീവ്യൂഹത്തിലും കുറഞ്ഞ ഗുരുത്വാകർഷണവും ഉയർന്ന വികിരണവും ഉള്ള ബഹിരാകാശ പരിസ്ഥിതിയുടെ സ്വാധീനം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ബഹിരാകാശ പറക്കലുമായി മനുഷ്യൻ പൊരുത്തപ്പെടുന്നതിന്റെ വ്യാപ്തി കണ്ടെത്താനും മനുഷ്യന്റെ ആരോഗ്യത്തിൽ അതിന്റെ സ്വാധീനം മനസ്സിലാക്കാനും ബഹിരാകാശ യാത്രകൾ തലച്ചോറിന് സുരക്ഷിതമാണോ എന്ന് നിർണ്ണയിക്കാനും കൂടിയാണിത്. കൂടാതെ മനുഷ്യന്റെ സുപ്രധാന അവയവങ്ങളുടെയും അവയവ വ്യവസ്ഥകളുടെയും പ്രവർത്തനങ്ങൾ മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയിൽ പരിശോധിക്കപ്പെടും. തലച്ചോറിലേക്കുള്ള രക്തയോട്ടം അളക്കൽ, പ്രഷർ വിലയിരുത്തൽ, തലച്ചോറിന്റെ വൈദ്യുത പ്രവർത്തനം, ഒപ്റ്റിക് നാഡിയിലെ മാറ്റങ്ങൾ നിരീക്ഷിക്കൽ എന്നിവ പോലുള്ളവ ഇതിലുൾപ്പെടും. ഭാവിയിൽ മനുഷ്യർക്ക് ബഹിരാകാശ യാത്ര സുരക്ഷിതമാക്കുക, ബഹിരാകാശ പര്യവേക്ഷണം നടത്താനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്.
മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയിൽ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണം പഠിക്കുന്നതിനും മാറ്റും നാല് പരീക്ഷണങ്ങളും ഇരുവരും നടത്തും. ഭൂമിയിൽ തിരിച്ചെത്തി ഫലങ്ങൾ താരതമ്യം ചെയ്യാനും ശേഷം വിശകലനത്തിനും വേണ്ടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തയ്യാറാക്കിയ പരീക്ഷണങ്ങളിൽ നിന്ന് സാമ്പിളുകൾ എടുക്കും. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണവും നടത്തും. ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഗവേഷകരുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും പല രാജ്യങ്ങളിലും മഴയുടെ തോത് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്.
മഴയുടെ തോത് വർധിപ്പിക്കുന്നതിന് സൗദിയിലും പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ക്ലൗഡ് സീഡിങ് പ്രക്രിയയെ അനുകരിച്ചായിരിക്കും ഇത്. ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിലുള്ള ബഹിരാകാശ കോളനികളിൽ ജീവിക്കാൻ കൃത്രിമ മഴ ഉൾപ്പെടെയുള്ള മനുഷ്യർക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന് പുതിയ മാർഗങ്ങൾ രൂപപ്പെടുത്താൻ പരീക്ഷണ ഫലങ്ങൾ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: ഒരാഴ്ചയ്ക്കിടെ നടന്ന റെയ്ഡുകളില്‍ 12,093 പ്രവാസികൾ പിടിയിൽ; ശക്തമായ പരിശോധന തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ