തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു

By Web TeamFirst Published May 28, 2023, 9:36 PM IST
Highlights

ജൂൺ 28 ഈദുൽ അദ്ഹ (ബലി പെരുന്നാൾ) വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പാസ്‌പോർട്ടിൽ പതിച്ചു നൽകുന്നതിന് വിരലടയാളം നിർബന്ധമാണെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു. വിസ അപേക്ഷകർ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് ഈ മാസം 23 ന് സൗദി കോൺസുലേറ്റ് അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സൗദി കോൺസുലേറ്റ് താൽകാലികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് കൈമാറിയത്. 

ജൂൺ 28ന് ഈദുൽ അദ്ഹ (ബലി പെരുന്നാൾ) വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ അവധി കഴിഞ്ഞു കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുമ്പോഴായിരിക്കും ഇനി ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുക. എന്നാൽ സന്ദർശക വിസകൾക്ക് വി.എഫ്.എസ് സെന്ററിലെത്തി വിരലടയാളം നൽകണമെന്ന ഈ മാസം ആദ്യം മുതലുള്ള നിബന്ധന തുടരും. ഇക്കാര്യത്തിൽ പുതിയ വിവരമൊന്നും സൗദി കോൺസുലേറ്റിൽ നിന്നും ഉണ്ടായിട്ടില്ല. 

കൊച്ചിയിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലേക്ക് അപ്പോയിന്റ്മെന്റ് എടുക്കലും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അങ്ങോട്ടുള്ള യാത്രയുമെല്ലാം സൗദിയിലേക്കുള്ള സന്ദർശക, തൊഴിൽ വിസക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. അതിനിടയിൽ താത്കാലികമായെങ്കിലും തൊഴിൽ വിസ സ്റ്റാമ്പ് ചെയ്തു കിട്ടാൻ അപേക്ഷകൻ വിരലടയാളം നൽകണമെന്ന നിയമം ഒരു മാസത്തേക്ക് നീട്ടിക്കിട്ടിയത് വലിയ ആശ്വാസമായിരിക്കുകയാണ്. തങ്ങളുടെ വിസയുടെ കാര്യത്തിലും വിരലടയാളം നൽകണമെന്ന നിയമം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയിലേക്ക് വരാനിരിക്കുന്ന നിരവധി സന്ദർശകരും അവരുടെ സൗദിയിലുള്ള പ്രവാസികളും.

Read also: ഒരാഴ്ചയ്ക്കിടെ നടന്ന റെയ്ഡുകളില്‍ 12,093 പ്രവാസികൾ പിടിയിൽ; ശക്തമായ പരിശോധന തുടരുന്നു

click me!