Gulf News : സൗദി കിരീടാവകാശി നാളെ ഒമാന്‍ സന്ദര്‍ശിക്കും

By Web TeamFirst Published Dec 5, 2021, 1:19 PM IST
Highlights

കഴിഞ്ഞ ജൂലൈയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഒമാന്‍ സന്ദര്‍ശനം. 

റിയാദ്: സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് (Mohammed bin Salman Al Saud)തിങ്കളാഴ്ച ഒമാന്‍(Oman) സന്ദര്‍ശിക്കും. ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ജൂലൈയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഒമാന്‍ സന്ദര്‍ശനം. 

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍(Saudi Arabia) മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇ-ബില്ലിംഗ് (E- billing)നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും. കൈയെഴുത്ത് ഇന്‍വോയ്സുകളും ടെക്സ്റ്റ് എഡിറ്റര്‍, നമ്പര്‍ അനലൈസറുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഇന്‍വോയ്സുകളും ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കല്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. 

ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ലളിതവല്‍ക്കരിച്ച നികുതി ഇന്‍വോയ്സില്‍ ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്താതിരിക്കല്‍, ഇ-ഇന്‍വോയ്സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും. ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതലുള്ള തുക പിഴ ലഭിക്കും. നിയമ ലംഘനങ്ങളുടെ സ്വഭാവം, ആവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുക. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നമ്പര്‍, ക്യു.ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

click me!