പ്രവാസികള്‍ ശ്രദ്ധിക്കുക! വിസ പതിക്കാനുള്ള പാസ്‍പോർട്ടുകൾ അഞ്ചാം തീയ്യതി മുതല്‍ സമർപ്പിക്കാൻ എംബസിയുടെ നിർദേശം

By Web TeamFirst Published Jun 1, 2023, 6:05 PM IST
Highlights

ജൂൺ അഞ്ചിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ പാസ്‌പോർട്ടുകൾ സ്വീകരിക്കും

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസയും ഫാമിലി റെസിഡന്റ് വിസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‍പോർട്ടുകൾ സമർപ്പിക്കാൻ ഇന്ത്യയിലെ സൗദി റോയൽ എംബസി, അംഗീകൃത റിക്രൂട്മെന്റ് ഏജൻസികൾക്ക് സർക്കുലർ അയച്ചു. സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശത്തെ തുടർന്ന് വിസ പതിക്കാൻ താൽകാലികമായി തടസ്സം നേരിട്ടിരുന്നു. 

എന്നാൽ തൊഴിൽ വിസക്ക് ബലി പെരുന്നാൾ അവധി വരെ വിരലടയാളം ആവശ്യമില്ലെന്ന ഉത്തരവ് വന്നതോടെ പ്രതിസന്ധിക്ക് താൽകാലിക പരിഹാരമായെങ്കിലും ഏജൻസികൾക്ക് പാസ്സ്‌പോർട്ട് സമർപ്പിക്കാൻ നിർദേശം കിട്ടിയിരുന്നില്ല. അവ്യക്തതകൾക്ക് വിരാമമിട്ട് ജൂൺ അഞ്ചിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്‌പോർട്ടുകൾ സമർപ്പിക്കാമെന്ന് 
എംബസി ഏജൻസികൾക്ക് അറിയിപ്പ് നൽകി. പുതിയ സർക്കുലർ അനുസരിച്ച് ഏജൻസികൾക്ക് ഡൽഹി എംബസിയിലും മുബൈ കോൺസുലേറ്റിലും നേരിട്ട് പാസ്‌പോർട്ടുകൾ സമർപ്പിക്കാനാകും. 

കൊവിഡ് തുടങ്ങിയത് മുതൽ ഡൽഹി എംബസിയിൽ സാനിറ്റൈസേഷൻ, വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കിയായിരുന്നു പാസ്‌പോർട്ടുകൾ മുംബൈ സൗദി കോണ്‍സുലേറ്റിലേക്കയച്ചിരുന്നത്. എന്നാൽ നിലവിൽ ഡൽഹി എംബസിയിലും മുംബൈ കോണ്‍സുലേറ്റിലും പാസ്‌പോർട്ടുകൾ നേരിട്ട് സ്വീകരിക്കും. അതേസമയം, സന്ദർശക, ബിസിനസ്സ്, ടൂറിസം വിസകൾ സ്റ്റാമ്പ് പതിക്കാൻ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമത്തിൽ മാറ്റമില്ല.

Read also: അസുഖ ബാധിതനായി ഏഴ് വർഷം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി ഒടുവില്‍ നാടണഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

click me!