Asianet News MalayalamAsianet News Malayalam

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം: ആവശ്യമുന്നയിച്ച്  മുഖ്യമന്ത്രി

സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്. 

cheif minister sasks more flight from saudi
Author
trivandrum, First Published Jul 2, 2020, 7:01 PM IST

തിരുവനന്തപുരം: വന്ദേഭാരത് മിഷന്‍റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്നവരില്‍ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗര്‍ഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്. ഇവരുടെ പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനില്‍ സൗദിഅറേബ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.

സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്. സൗദിയില്‍ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട വിമാനങ്ങള്‍ വളരെ കുറവാണ്. വന്ദേഭാരതില്‍ ആകെ 270 വിമാനങ്ങള്‍ വന്നപ്പോള്‍ അതില്‍ 20 വിമാനങ്ങള്‍ മാത്രമാണ് സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. വിദേശ നാടുകളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ ആകെ 5,40,180 പേരാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും 1,43,147 പേര്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ കഴിഞ്ഞത്. സ്വകാര്യ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios