
റിയാദ്: സൗദി കെഎംസിസി (Saudi KMCC) നാഷനല്‍ കമ്മറ്റിയുടെ സാമൂഹിക സുരക്ഷാപദ്ധതിയുടെ സഹായ വിതരണം ശനിയാഴ്ച കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ (Riyadh) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴില്‍ നടക്കുന്ന പദ്ധതിയുടെ 2021 വര്‍ഷത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണമായ ഈ പരിപാടിയുടെ ഉദ്ഘാടനം എം.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.
ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് കൊല്ലം ചിന്നക്കട വരിഞ്ഞം ടവറില്‍ പ്രത്യേകം സജ്ജമാക്കിയ ഡോ. എ. യൂനസ് കുഞ്ഞു നഗറിലാണ് ചടങ്ങ്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എം. അന്‍സറുദ്ധീന്‍, അഡ്വ. സുള്‍ഫീക്കര്‍ സലാം, ശ്യാംസുന്ദര്‍, സൗദി കെ.എം.സി.സി നേതാക്കളായ എ.പി. ഇബ്രാഹീം മുഹമ്മദ്, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് കാവുങ്ങല്‍, ബഷീര്‍ മൂന്നിയൂര്‍, എം. മൊയ്തീന്‍ കോയ, ഷറഫുദ്ദീന്‍ കന്നേറ്റി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച 36 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 136 പദ്ധതി അംഗങ്ങള്‍ക്കുമായി രണ്ട് കോടിയോളം രൂപയുടെ വിതരണോദ്ഘാടനമാണ് ചടങ്ങില്‍ നിര്‍വഹിക്കുക. 2021 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും മരിച്ച 50 പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 125 പേര്‍ക്കുമായി മൂന്ന് കോടിയോളം രൂപ കഴിഞ്ഞ സെപ്തംബറില്‍ മലപ്പുറത്ത് നടന്ന ചടങ്ങില്‍ ഒന്നാം ഘട്ടമായി വിതരണം ചെയ്തിരുന്നു. അതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത കേസ്സുകളിലാണ് രണ്ടാംഘട്ട വിതരണം നടത്തുന്നത്. ഒമ്പത് വര്‍ഷം പിന്നിടുന്ന സൗദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതി ഇന്ന് സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിലെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരില്‍ കോഴിക്കോട് കേന്ദ്രമായി രജിസ്‌ട്രേഡ് ട്രസ്റ്റും ഓഫീസും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
കൊവിഡ് മഹാമാരി കാലത്ത്, സൗജന്യ വിമാന സര്‍വിസുകളും ഭക്ഷണ വിതരണവും ക്വാറന്റീന്‍ കേന്ദ്രവും എമര്‍ജന്‍സി സര്‍വിസുകളും ഒരുക്കി സൗദിയില്‍ മാത്രം അഞ്ഞൂറോളം കമ്മിറ്റികള്‍ക്ക് കീഴിലായി അയ്യായിരത്തോളം സന്നദ്ധ വളന്റയര്‍മാരെ രംഗത്തിറക്കിയിരുന്നു. 50 കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സൗദി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി നടത്തിയതെന്ന് നാഷനല്‍ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, എ.പി. ഇബ്രാഹിം മുഹമ്മദ്, ഖാദര്‍ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, റഫീഖ് പാറക്കല്‍, അഹമ്മദ് പാളയാട്ട് ബഷീര്‍ മൂന്നിയൂര്‍, എം. മൊയ്തീന്‍കോയ എന്നിവര്‍ പറഞ്ഞു.
ഫോട്ടോ: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ ഓണ്‍ലൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ