സൗദിയുടെ ചരിത്രത്തിലെ വമ്പൻ റെയിൽവേ പദ്ധതി വരുന്നൂ; ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക്, ഡിസൈൻ കരാർ സ്പാനിഷ് കമ്പനിക്ക്

Published : Apr 24, 2026, 02:09 PM IST
saudi land bridge rail project

Synopsis

സൗദിയുടെ കിഴക്കും പടിഞ്ഞാറും മേഖലകളെ ബന്ധിപ്പിക്കുന്ന 'സൗദി ലാൻഡ്ബ്രിഡ്ജ്' റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ഏകദേശം 1,500 കിലോമീറ്റർ നീളമുള്ള ഈ ബൃഹദ് പാതയുടെ ഡിസൈൻ കരാർ സ്പാനിഷ് കമ്പനിയായ സെനർ സ്വന്തമാക്കി. രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ പദ്ധതി വ്യാപാര മേഖലക്ക് വലിയ ഉണർവേകും.

റിയാദ്: സൗദി അറേബ്യയുടെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലയിലുള്ള ജിദ്ദയെയും കിഴക്കൻ മേഖലയിലെ ദമ്മാം, ജുബൈൽ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ ഡിസൈൻ കരാർ പ്രമുഖ സ്പാനിഷ് കൺസൾട്ടൻസി സ്ഥാപനമായ സെനർ സ്വന്തമാക്കി.

പ്രമുഖ ബിസിനസ് മാഗസിനായ ‘മീഡ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഏകദേശം 1,500 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഈ റെയിൽ പാത സൗദി അറേബ്യയുടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സൗദി അറേബ്യൻ റെയിൽവേ (സാർ) 2025-ൽ ക്ഷണിച്ച ആഗോള ടെൻഡറിലൂടെയാണ് സ്പാനിഷ് കമ്പനിയായ സെനറിനെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ പ്രാഥമികമായ രൂപരേഖ നേരത്തെ ഇറ്റാലിയൻ കമ്പനിയായ ഇറ്റാൽഫെർ തയ്യാറാക്കിയിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ കരാറിലൂടെ പദ്ധതിയുടെ കൃത്യമായ എൻജിനീയറിങ് പ്ലാനുകളും വിശദമായ ഡിസൈനുകളും പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളമായി കുറയ്ക്കാൻ ഈ റെയിൽവേ സഹായിക്കും. ഇത് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് വലിയ ലാഭമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള വികസന മാതൃകയാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ തന്നെ പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിൽ ഒന്നായി മാറാൻ പോകുന്ന ഈ ലാൻഡ്ബ്രിഡ്ജ് പദ്ധതി മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തലുകൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രം കുറിച്ച്‌ ഖത്തർ എനർജി; അമേരിക്കയിലെ ഗോൾഡൻ പാസ് പദ്ധതിയിൽ നിന്നുള്ള ആദ്യ എൽഎൻജി കയറ്റുമതി ആരംഭിച്ചു
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും