ഭാര്യയെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായി; പിന്നാലെ നിയമനടപടിയുമായി സൗദി അധികൃതര്‍

By Web TeamFirst Published Nov 11, 2021, 11:27 AM IST
Highlights

നടുറോഡില്‍ വെച്ച് ഭാര്യയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഭര്‍ത്താവിനെതിരെ സൗദി അറേബ്യയില്‍ നിയമനടപടി.

റിയാദ്: സൗദി അറേബ്യയില്‍  ഭാര്യയെ മര്‍ദിച്ച കുറ്റത്തിന് ഭര്‍ത്താവിനെതിരെ നിയമ നടപടി. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതും പിന്നാലെ നടപടികളിലേക്ക് കടന്നതും. വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത് സൗദി പൗരന്‍ തന്നെയാണ് വ്യക്തമായതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചിട്ടുണ്ട്.

റോഡരികിലെ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ ഒരാള്‍ മര്‍ദിക്കുന്നതും സമീപത്തെ മതിലിലേക്ക് പിടിച്ച് തള്ളുന്നതുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് സാക്ഷികളായിരുന്ന ആരോ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയായിരുന്നു. നിരവധിപ്പേര്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്‍തു.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ സൗദി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങി. മദീനയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് തിരിച്ചറിയുകയും ദമ്പതികളെ കണ്ടെത്തുകയുമായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കമാണ് നടുറോഡിലെ മര്‍ദനത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് മദീന പ്രവിശ്യാ പൊലീസ് അറിയിച്ചു. 

click me!