മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

By Web TeamFirst Published Dec 15, 2022, 9:16 AM IST
Highlights

രാജ്യത്തെ ചില പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിക്കാറുണ്ട്. ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽപരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്.

റിയാദ്: കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 

ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം ജീവനക്കാർ വൈകി എത്തുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്.

രാജ്യത്തെ ചില പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിക്കാറുണ്ട്. ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽപരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്. ഒരിക്കലും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിലടക്കം ഏതാനും പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്‍താവന.

Read also:  പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും; പ്രവാസി മലയാളിയുടെ കീശയിൽ നിന്ന് വൻ തുക കവർന്നു

അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരും. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് നിരത്തുകളിലെ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴ ലഭിച്ചിരുന്നു. ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്

click me!