സൗദി മത പണ്ഡിതൻ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി അന്തരിച്ചു

Published : Jul 11, 2025, 04:36 PM IST
Saudi religious scholar

Synopsis

നിരവധി ആളുകൾ സമൂഹമാധ്യമത്തിലൂടെ അൽ മദ്ഖലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഹദീസ്, സുന്നത്ത് പണ്ഡിതരിൽ ഒരാളായ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി മദീനയിൽ അന്തരിച്ചു. 92 വയസ്സായിരുന്നു. അറിവ് തേടാനും പകർന്നുനൽകാനും സമർപ്പിച്ച ജീവിതമായിരുന്നു ശൈഖ് റബീഅ്ൻ്റേത്. രാജ്യത്തിന് പുറത്തും അദ്ദേഹം അറിയപ്പെട്ടിരുന്നു. മദീനയിലെ മസ്‌ജിദ്‌ നബവിയോട് ചേർന്ന് ജന്നത് അൽ ബഖീഅ് മഖ്ബറയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക.

നിരവധി ആളുകൾ സമൂഹമാധ്യമത്തിലൂടെ അൽ മദ്ഖലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. കേരളത്തിലും നിരവധി ശിഷ്യഗണങ്ങളുള്ള ഡോ. റബീഅ് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. 

1933 ൽ തെക്കൻ സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ സാംത പട്ടണത്തിലെ ഒരു ഗ്രാമത്തിലാണ് ശൈഖ് റബീഅ് അൽ മദ്ഖലി ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഇസ്‌ലാമിക വിദ്യാഭ്യാസ ജീവിതം ആരംഭിച്ചു. ഒടുവിൽ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ചേർന്നു. ഉയർന്ന മാർക്കോടെ ബിരുദം നേടിയ അദ്ദേഹം ഡോക്ടറേറ്റും കരസ്‌ഥമാക്കി.

പിന്നീട് മദീന യൂനിവേഴ്സിറ്റിയിൽ തന്നെ ഹദീസ് കോളജിലെ പ്രഫസർമാരിൽ ഒരാളായി. അവിടെനിന്ന് വിരമിക്കുമ്പോൾ സുന്നത്ത് പഠന വിഭാഗം തലവനായിരുന്നു. അബ്ദുൽ അസീസ് ഇബ്‌നു ബാസ്, മുഹമ്മദ് നസീറുദ്ദിൻ അൽ അൽബാനി, അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ്, മുഹമ്മദ് അമീൻ അൽ ശംഖിത്തി, സാലിഹ് അൽ ഇറാഖി, അബ്ദുൽ ഗഫാർ ഹസ്സൻ അൽ ഹിന്ദി, ഹാഫിസ് ഇബ്ൻ അഹ്‌മദ്‌ അലി അൽ ഹകമി, മുഹമ്മദ് ബിൻ അഹ്‌മദ്‌ അൽ ഹകമി, അഹ്‌മദ്‌ ബിൻ യഹ്‌യ അൽ നജ്മി, മുഹമ്മദ് സഗീർ അൽ ഖമീസി എന്നീ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു. വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് വിവരിക്കുന്ന ധാരാളം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു