എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും അനുശോചിച്ചു

By Web TeamFirst Published Sep 9, 2022, 6:46 PM IST
Highlights

എലിസബത്ത് രാജ്ഞിയുടെ നിര്യാണ വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും ചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ മാതൃകയായിരുന്നു രാജ്ഞിയെന്നും സല്‍മാന്‍ രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിയാദ്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ നിര്യാണ വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും ചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ മാതൃകയായിരുന്നു രാജ്ഞിയെന്നും സല്‍മാന്‍ രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സൗദിയും ബ്രിട്ടനും തമ്മിലുള്ള സൗഹൃദവും സഹകരണ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടാനാവാത്തതാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. രാജകുടുംബത്തിനും ബ്രിട്ടനിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നെന്നും രാജാവ് സന്ദേശത്തില്‍ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയില്‍ ദുഃഖം അറിയിക്കുന്നതായി കിരീടാവകാശി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാതൃകയായിരുന്നു എലിസബത്ത് രാജ്ഞിയെന്നും ജീവിതത്തില്‍ അവര്‍ ചെയ്ത മഹത്തായ പ്രവൃത്തികള്‍ ലോകം എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും ജനങ്ങള്‍ക്കും രാജ്ഞിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം അറിയിക്കുന്നതായി കിരീടാവകാശി സന്ദേശത്തില്‍ പറഞ്ഞു.   

എലിസബത്ത് രാജ്‍ഞിക്ക് വിട; ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലും ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും.

സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ആരംഭിക്കുന്ന ദുഃഖാചരണം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും യുഎഇ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.

സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ഒമാനിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഒമാന്റെ എംബസികളിലും വെള്ളിയാഴ്ച ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. ഒമാനുമായി എലിസബത്ത് രാജ്ഞി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നതായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അനുസ്‍മരിച്ചു.

click me!