സൗദിയിൽ കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി

By Web TeamFirst Published Nov 7, 2021, 12:08 AM IST
Highlights

നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകിയില്ലെങ്കിൽ കടുത്ത നടപടി വരുന്നു. ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഇലക്ട്രോണിക് ബില്ല് സംവിധാനം ഏർപ്പെടുത്തണം. ബില്ലിൽ ക്യു.ആർ കോഡും വേണം. 

സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിൽ ബില്ലിങ് നടത്താനാണ് നിർദേശം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിലവിൽ രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. 

പലവ്യജ്ഞന കടകൾ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ ഇലക്ട്രോണിക് ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനാകും.

click me!