Latest Videos

സൗദി അറേബ്യയിൽ ഇനി ബസുകളിലെയും ട്രെയിനുകളിലെയും മുഴുവൻ സീറ്റുകളിലും യാത്ര ചെയ്യാം

By Web TeamFirst Published Oct 12, 2021, 11:18 PM IST
Highlights

ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകും.

റിയാദ്: സൗദി അറേബ്യയിൽ ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളും ഉപയോഗിക്കാൻ പൊതുഗതാഗത അതോറിറ്റിയാണ് അനുവാദം നൽകിയത്. 

തെക്കൻ സൗദിയിലെ ജിസാന്‍ പട്ടണത്തിനും ഫുർസാൻ ദ്വീപിനും ഇടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിലും മുഴുവൻ യാത്രക്കാരെയും അനുവദിക്കും. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകും. കൊവിഡ് പ്രോട്ടോകോൾ പൂര്‍ണമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശം നൽകി.

കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം
സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. 55 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 52 പേർ രോഗമുക്തി നേടി. 

53,795 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,704 ആയി. ഇതിൽ 5,36,730 പേരും സുഖം പ്രാപിച്ചു. ആകെ 8,751 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 122 പേർക്ക് മാത്രമാണ് ഗുരുതരാസ്ഥയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

click me!