സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ ഹിജ്റ കലണ്ടര്‍ ശ്രദ്ധിക്കണം

By Web TeamFirst Published Feb 13, 2020, 3:52 PM IST
Highlights

സാധാരണ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറും ഹിജ്റ കലണ്ടറും തമ്മില്‍ പ്രതിവര്‍ഷം പത്ത് മുതല്‍ 12 ദിവസം വരെ വ്യത്യാസമുണ്ടാവാറുണ്ട്. സൗദി അറേബ്യയില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഹിജ്റ കലണ്ടറാണ് അടിസ്ഥാനമാക്കുന്നത്. 

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ വിസയുടെ കാലാവധിയും മറ്റും പരിശോധിക്കേണ്ടത് ഹിജ്റ കലണ്ടര്‍ അടിസ്ഥാനമാക്കിയാണെന്ന് ഇമിഗ്രേഷന്‍ ആന്റ് പാസ്‍പോര്‍ട്ട് വിഭാഗം അറിയിച്ചു. സന്ദര്‍ശക വിസ പുതുക്കുമ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കും അവലംബമായെടുക്കേണ്ടത് ഗ്രിഗോറിയന്‍ കലണ്ടറല്ല, മറിച്ച ഹിജ്റ കലണ്ടറാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

സാധാരണ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറും ഹിജ്റ കലണ്ടറും തമ്മില്‍ പ്രതിവര്‍ഷം പത്ത് മുതല്‍ 12 ദിവസം വരെ വ്യത്യാസമുണ്ടാവാറുണ്ട്. സൗദി അറേബ്യയില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഹിജ്റ കലണ്ടറാണ് അടിസ്ഥാനമാക്കുന്നത്. ചില കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടറും ഉപയോഗിക്കാറുണ്ടെങ്കിലും സെന്‍ട്രല്‍ ഇമിഗ്രേഷന്‍ - പാസ്‍പോര്‍ട്ട് വകുപ്പില്‍ ഹിജ്റ കലണ്ടറാണ് ഉപയോഗിക്കുന്നത്.

വിസ പുതുക്കുന്നതിനായി ഗ്രിഗോറിയന്‍ കലണ്ടര്‍ അവലംബിച്ചാല്‍ മതിയോ എന്ന ചോദ്യത്തിന് സൗദി ജവാസാത്ത് നല്‍കിയ മറുപടിയിലാണ് ഹിജ്റ കലണ്ടറാണ് ഉപയോഗിക്കേണ്ടതെന്ന അറിയിപ്പ്. സന്ദര്‍ശന വിസയുടെ കാലാവധി തീരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കാക്കേണ്ടത് ഹിജ്റ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയാണ്. 

പ്രവാസികളുടെ ആശ്രിതര്‍ക്ക് ലെവി എര്‍പ്പെടുത്തിയതിന് ശേഷം നിരവധി പ്രവാസികള്‍ കുടുംബ സന്ദര്‍ശക വിസയിലാണ് കുടുംബത്തെ  സൗദിയില്‍ കൊണ്ടുവരുന്നത്. സിംഗിള്‍ വിസിറ്റ് വിസ 30 ദിവസത്തേക്ക് പുതുക്കാനാവും ഇങ്ങനെ പരമാവധി 180 ദിവസം വരെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇതിനായി പരിഗണിക്കേണ്ടത് ഹിജ്റ കലണ്ടറാണെന്നാണ് അധികൃതരുടെ അറിയിപ്പ്. 

click me!