
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) സ്വദേശിവത്കരണം(Indigenization) വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം 23.59 ശതമാനമായി ഉയര്‍ന്നു. മുന്‍പാദത്തേക്കാള്‍ 0.96 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ലേബര്‍ ഒബ്‌സര്‍വേറ്ററി വിങാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഈ കാലയളവില്‍ സൗദി തൊഴിലാളികളുടെ എണ്ണം 60,000ത്തോളം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഡാറ്റ അനുരിച്ച് 2021 മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 1,826,875 ആണ്. 3.41 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 65.06 ശതമാനം പുരുഷന്‍മാരും 34.94 ശതമാനം സ്ത്രീകളുമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സ്വദേശികളായ 2 ലക്ഷത്തിലധികം യുവാക്കള്‍ക്കും യുവതികള്‍ക്കും സഹായം നല്‍കിയതായി മാനവ വിഭവശേഷി വികസന നിധി(ഹദഫ്(അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കാണിത്. തൊഴില്‍ സഹായ സേവനങ്ങള്‍, ദേശീയ കേഡറുകളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ എന്നിവ വഴിയാണ് ഇത്രയും പേര്‍ക്ക് സഹായം നല്‍കിയത്.
പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള്‍, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്‍തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം. വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം. അടുത്ത വര്‍ഷം മേയ് എട്ട് മുതലായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരിക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam